‘കാത്തിരിപ്പ് ഏറെക്കുറെ അവസാനിച്ചിരിക്കുന്നു’; സര്‍പ്രൈസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഇരട്ടി മധുരവുമായി പ്രഖ്യാപനം എത്തി. എമ്പുരാന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം തുടരുമിന്‍റെ ട്രെയ്‍ലര്‍ റിലീസ് സംബന്ധിച്ചാണ് അത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നാളെ രാവിലെ 10 ന് പുറത്തെത്തും. കാത്തിരിപ്പ് ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. എന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍ തിയറ്ററുകളില്‍ എത്തുന്നതിന്‍റെ തലേ ദിവസമാണ് തുടരും ട്രെയ്‍ലര്‍ എത്തുന്നത് എന്നതും കൗതുകമാണ്.

സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് തുടരും. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എമ്പുരാനേക്കാള്‍ മുന്‍പ് ഈ ചിത്രം എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് 1 ന് എത്തുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. ട്രെയ്‍ലറിനൊപ്പം റിലീസ് തീയതി ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്.

ALSO READ : റാഫി മതിര സംവിധാനം ചെയ്യുന്ന ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’; ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin