ഐഫോൺ 16 വിൽപ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പ്, കോടതി കയറി ആപ്പിൾ
ആപ്പിൾ ഐഫോൺ 16 പുറത്തിറങ്ങിയിട്ട് ഏകദേശം ആറ് മാസമായി. ഇപ്പോഴിതാ ഐഫോൺ 16 സംബന്ധിച്ച് ടെക്ക് ഭീമനായ ആപ്പിളിനെതിരെ ഉപഭോക്താക്കൾ ഒരു വഞ്ചനാ കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട്. കമ്പനി ഉപയോക്താക്കളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുഎസ് കോടതിയിലാണ് കേസ് ഫയൽ ചെയ്‍തിരിക്കുന്നത്. ഐഫോൺ 17 സീരീസ് ഉടൻ പുറത്തിറക്കാൻ തയ്യാറെടുക്കുമ്പോൾ ഈ സാഹചര്യം കമ്പനിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ സങ്കീർണ്ണമാകുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്താണ് പ്രശ്‍നം?
ഐഫോൺ 16 സീരീസുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് കേസിന് കാരണം. കഴിഞ്ഞ സെപ്റ്റംബറിൽ ആപ്പിൾ ഈ സീരീസിനെ ആപ്പിൾ ഇന്‍റലിജൻസ് എന്ന് വിളിക്കുന്ന ഒരു എഐ ശേഷി ഉൾക്കൊള്ളുന്നതായി വിശേഷിപ്പിച്ചിരുന്നു. തുടർന്നുള്ള അപ്‌ഡേറ്റിൽ ഈ സവിശേഷത ലഭ്യമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ദശലക്ഷക്കണക്കിന് ഐഫോൺ 16 ഉപയോക്താക്കൾ ഇപ്പോഴും ഇത് ലഭിക്കാൻ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും, പല ഉപഭോക്താക്കൾക്കും തങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു. പരസ്യപ്പെടുത്തിയ എഐ സവിശേഷതകളെ അടിസ്ഥാനമാക്കി ആപ്പിൾ ഫോണുകൾ വാങ്ങിയ ഉപഭോക്താക്കൾ തങ്ങൾക്ക് നഷ്‍ടപരിഹാരം വേണം എന്നാവശ്യപ്പെട്ട് ഇപ്പോൾ കോടതിയെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന WWDC 2024-ൽ, ആപ്പിൾ തങ്ങളുടെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഐഫോൺ 16 സീരീസിനായി ഈ എഐ അധിഷ്ഠിത സേവനം ലഭ്യമാക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ ശേഷിയുടെ ഒരു ഡെമോ ഉൾപ്പെടെ കമ്പനി പ്രദർശിപ്പിക്കുകയും ആപ്പിൾ ഡിവൈസുളിലെ വോയ്‌സ് അസിസ്റ്റന്റായ സിരിക്ക് കാര്യമായ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. iOS 18.4 അപ്‌ഡേറ്റിൽ ഈ സവിശേഷതകൾ ഉൾപ്പെടുത്തുമെന്നും ആപ്പിൾ അവകാശപ്പെട്ടിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഈ ഫീച്ചറുകൾ ലഭ്യമാകുമെന്ന് പറഞ്ഞ സമയപരിധി കമ്പനി പാലിച്ചില്ല. സിരിയുടെ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രോജക്റ്റ് കമ്പനി അനിശ്ചിതമായി മാറ്റിവച്ചതും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി.
കേസിന്‍റെ വിശദാംശങ്ങൾ
ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും തെറ്റായ പരസ്യങ്ങൾ നൽകി വഞ്ചിക്കുകയും ചെയ്‍തു എന്നും പരാതിക്കാർ ആരോപിക്കുന്നു. യുഎസിലെ സാൻ ജോസ് ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതിയിൽ, ആപ്പിൾ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിനാൽ നഷ്‍ടപരിഹാരം വേണമെന്നും പരാതിക്കാർ വാദിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന ആപ്പിൾ ഇന്റലിജൻസ് സവിശേഷതയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ പുതിയ ഐഫോൺ 16 സീരീസ് വാങ്ങിയത്. എന്നാൽ ഇതുവരെ പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല. അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16e യിൽ ഈ സവിശേഷത ഉൾപ്പെടുത്തുമെന്നും ആപ്പിൾ സൂചിപ്പിച്ചിരുന്നു.
ആപ്പിളിന്റെ എഐ വിഭാഗത്തിലെ ജീവനക്കാർ സിരിയുടെ നൂതന എഐ പതിപ്പ് കുറഞ്ഞത് iOS 20 വരെയെങ്കിലും തയ്യാറാകില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. അതായത് ഉപയോക്താക്കൾക്ക് ഈ പുതിയ പതിപ്പ് ലഭിക്കാൻ 2027 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഐഫോൺ 16 പുറത്തിറങ്ങിയതിന് ശേഷം, ആപ്പിൾ ഇന്റലിജൻസ് സവിശേഷതയുടെ സാധ്യതയിൽ ആകൃഷ്‍ടരായി നിരവധി ഐഫോൺ 15 ഉപയോക്താക്കൾ പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്‍തിരുന്നു.
Read more: അശുതോഷ് ശര്‍മ്മയെ പ്രശംസിക്കുന്നതിനിടെ അയാളെ മറക്കല്ലേ, ഡൽഹിയുടെ ഇൻ’വിസിമ്പിൾ’ ഹീറോ വിപ്രജ് നിഗം