ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ സർപ്രൈസ്! നിർണായ നീക്കവുമായി കേന്ദ്ര സർക്കാർ
രാജ്യത്തെ ഹൈവേകളിലെ ടോൾ നികുതിയെയും ടോൾ സംവിധാനവും അടിമുടി മാറ്റുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (മുംബൈ ബികെസി) സംഘടിപ്പിച്ച ബിസിനസ് ടുഡേയുടെ ബിടി മൈൻഡ് റഷ് 2025 പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി പുതിയ ടോൾ നയം സംബന്ധിച്ച സൂചന നൽകിയത്.
“ഏപ്രിൽ ഒന്നിന് മുമ്പ് ടോൾ സംബന്ധിച്ച പുതി നയം ഞങ്ങൾ പ്രഖ്യാപിക്കും. യാത്രക്കാർക്ക് ന്യായമായ ഇളവുകൾ ഇത് വാഗ്‍ദാനം ചെയ്യും” ഗഡ്‍രി പറഞ്ഞു. ടോൾ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും റോഡ് അടിസ്ഥാന സൗകര്യ ഫണ്ടിംഗ് മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെന്നും അതിനാൽ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും എന്നാൽ 2025 ഏപ്രിൽ 1 മുതൽ അത്തരമൊരു നയം കൊണ്ടുവരുമെന്നും അത് നിങ്ങളെ സന്തോഷിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും, ദേശീയ പാതകളിലെ ടോൾ നിരക്കുകളെച്ചൊല്ലി ആളുകൾ ഇനി തർക്കിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, നിലവിൽ എൻഎച്ച്എഐയുടെ ടോൾ വരുമാനം 55,000 കോടി രൂപയാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 1.40 ലക്ഷം കോടി രൂപയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ടവർ ഹൈവേ നിർമ്മാണത്തിൽ നിക്ഷേപം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന 4.5% പലിശയ്ക്ക് പകരം ഞങ്ങൾ അവർക്ക് 8.05% പലിശ നൽകും,’ ഗഡ്‍കരി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പാർലെമന്‍റിലും ഗഡ്‍കരി സംസാരിച്ചിരുന്നു. ടോൾ അടയ്ക്കാൻ ഫാസ്‍ടാഗ് സംവിധാനം നടപ്പിലാക്കിയതിനു ശേഷവും ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും നീണ്ട നിരകൾ ഒഴിവാക്കാൻ, കേന്ദ്ര സർക്കാർ വാർഷിക പാസ് നൽകുന്നത് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇത് യാത്രക്കാരുടെ സമയം ലാഭിക്കുമെന്നും അനാവശ്യമായി നീണ്ട ക്യൂവിൽ നിൽക്കേണ്ടിവരില്ലെന്നും അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. ഇതിനുപുറമെ ചില സ്ഥലങ്ങളിൽ ഉപഗ്രഹാധിഷ്ഠിത ബാരിയർ ഫ്രീ ടോൾ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഇത് ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതി വിജയകരമാണെങ്കിൽ ഭാവിയിൽ ഇത് വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടാകും.
ഘരൗണ്ട, ചൊര്യാസി, നെംലി, ദ്വാരക എക്‌സ്‌പ്രസ്‌വേകളിൽ നിലവിൽ മുൻകൂർ ടോൾ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ഇവിടെ നടപ്പിലാക്കിയിരിക്കുന്നു. ഇതുമൂലം, ആളുകൾക്ക് നിർത്താതെ ടോൾ കടക്കാനുള്ള സൗകര്യം ലഭിക്കുന്നു. കൂടാതെ ഫീസും കുറയ്ക്കാം. ദേശീയപാതകളിൽ ഈടാക്കുന്ന ടോൾ ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്ലാസകളിൽ വിശദമായി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ഉപയോക്തൃ ഫീസ് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ഫീസ് വർദ്ധനവോ മറ്റെന്തെങ്കിലും മാറ്റമോ വരുത്തിയാൽ, പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ അതിനെക്കുറിച്ച് വിവരങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ടോൾ ഫീസ് സംവിധാനം പൂർണ്ണമായും സുതാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 325 ദേശീയ പാതകളിൽ വിപുലമായ ഗതാഗത മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു. ഇവയുടെ കീഴിൽ ആകെ 20,000 കിലോമീറ്റർ റൂട്ട് ഉൾപ്പെടുന്നു. എല്ലാ ദേശീയ പാതകളിലും എ.ടി.എം.എസ്. പരിധിയിൽ നാലോ അതിലധികമോ പാതകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എംപി രാജ്‍കുമാർ ചാഹർ ചോദിച്ച ചോദ്യത്തിന് നിതിൻ ഗഡ്‍കരി പൂർണ്ണമായ വിവരങ്ങൾ നൽകി. നിലവിൽ ഉപഗ്രഹാധിഷ്‍ഠിത ടോൾ സംവിധാനത്തിലേക്ക് നീങ്ങാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ അതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു കാരണം, ഇതിനായി കൂടുതൽ ഉപഗ്രഹങ്ങൾ ആവശ്യമായി വരും എന്നതാണ്. അതില്ലാതെ, വാഹനങ്ങളുടെ യഥാർത്ഥ സ്ഥാനനിർണ്ണയം നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ആ പദ്ധതി നിലവിൽ പരിഗണനയിലാണ് എന്നാണ് റിപ്പോർട്ടുകൾ.
ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം, ആറ് മാസത്തിനകം ഇവി വില പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും!