തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ഡിസംബർ മാസത്തിൽ ഹരജി പരിഗണിച്ചപ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് സമയം ചോദിച്ചിരുന്നു. സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.
തൃശൂർ പൂരം അ​ലങ്കോലമാക്കിയ കേസിന്​ പിന്നാലെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് മേധാവി യോഗേഷ്​ഗുപ്ത സർക്കാറിന് സമർപ്പിച്ചിരുന്നു. പൂരം അ​ലങ്കോലമാക്കിയ കേസിൽ ക്രൈംബ്രാഞ്ച്​ നേരത്തേ തന്നെ ക്ലീൻചിറ്റ്​ നൽകിയിരുന്നു. എന്നാൽ ഇന്ന് ഹരജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കുമോയെന്നതിൽ വ്യക്തതയില്ല.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്​.പിയുടെ ക്യാമ്പ്​ ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എ.ഡി.ജി.പിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ തെളിവുണ്ടോയെന്നും ഹരജിക്കാരനോട് കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. എന്നാൽ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയത് പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളുടെ വിഡിയോയാണ്. സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *