ഊബർ കാറിൽ അമ്മ, മുത്തശ്ശി, മകൾ, പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിംഗ് ഏറ്റെടുത്ത് യുവതി
ഊബർ ഡ്രൈവർക്ക് വാഹനമോടിക്കുന്നതിനിടെ വയ്യാതായി. ഉടനടി തന്നെ കാർ ഡ്രൈവ് ചെയ്ത് യാത്രക്കാരിയായ യുവതി. ഗുരുഗ്രാമിൽ നിന്നുള്ള യുവതിയാണ് വളരെ പെട്ടെന്ന് തന്നെ സമയോചിതമായി പ്രവർത്തിച്ചത്. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
യുവതിയുടെ അമ്മയും മുത്തശ്ശിയും മകളുമാണ് കാറിൽ അവർക്കൊപ്പം ഉണ്ടായിരുന്നത്. തനിക്ക് വയ്യ എന്ന് ഊബർ ഡ്രൈവർ പറഞ്ഞതോടെ യുവതി കാറിന്റെ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നു. ഹണി പിപാൽ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്. ഡ്രൈവിംഗ് പഠിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് ഡ്രൈവിംഗ് പഠിക്കേണ്ടതിന്റെ ആവശ്യകത മനസിലാവുക, അതുവഴി നമുക്ക് സഹായം ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കാൻ കഴിയും എന്നും ഹണി പറയുന്നു.
ഡ്രൈവർക്ക് അൽപ്പം ആശ്വാസം തോന്നിയപ്പോൾ ഹണി അദ്ദേഹത്തിന് എങ്ങനെയുണ്ടിപ്പോൾ എന്നും മറ്റും അന്വേഷിക്കുന്നുണ്ട്. ഒപ്പം തന്റെ ഡ്രൈവിംഗ് എങ്ങനെ ഉണ്ട് എന്നും അവർ ചോദിക്കുന്നുണ്ട്. മികച്ചത് എന്നായിരുന്നു ഊബർ ഡ്രൈവറുടെ ഉത്തരം. ഒപ്പം അവൾ ഡ്രൈവറോട് തമാശ പറയുന്നതും കാണാം. നിങ്ങൾക്ക് വയ്യാത്തപ്പോൾ ഞാനാണ് കാറോടിച്ചത്. അതിനാൽ ടാക്സിക്കൂലി പകുതി പകുതിയായി ഭാഗിക്കണം. അതിൽ 50 ശതമാനം തനിക്ക് തരണം എന്നാണ് അവൾ പറയുന്നത്.
വീഡിയോയിൽ, വയ്യാതെയിരിക്കുന്ന ഡ്രൈവറേയും യുവതിയുടെ കുടുംബത്തേയും കാണാം. എന്തായാലും വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യുവതി പറഞ്ഞത് വളരെ ശരിയാണ്, ഡ്രൈവിംഗ് പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
അതേസമയം, ഇത്തരം അത്യാവശ്യം ഘട്ടങ്ങൾ വന്നാൽ എടുക്കാവുന്ന എന്തെങ്കിലും എമർജൻസി സംവിധാനങ്ങൾ കൂടി ഊബർ പോലെയുള്ള സർവീസുകൾ ചെയ്യണം എന്നും അഭിപ്രായപ്പെട്ടു.
അവളെന്തൊരു ‘പൂക്കി’, എന്തൊരു സ്ത്രീ; റാപ്പിഡോ റൈഡറിൽ നിന്നുള്ള തന്റെ അനുഭവം പങ്കിട്ട് യുവതി