ഇരുൾ മൂടിയ കാട്ടുവഴി, കാട്ടാനകളുടെ വിഹാരകേന്ദ്രം, നിബിഡ വനവും കടന്ന് ഒരു യാത്ര; മനംമയക്കുന്ന ധോണി കുന്നുകൾ

ഉയരം കൂടുന്നതിന് അനുസരിച്ച് മൂടൽമഞ്ഞും തണുപ്പും വന്നുപൊതിയുന്ന ഒരിടമുണ്ട് അങ്ങ് പാലക്കാട്. പാലക്കാടിന്റെ ഇരുൾ മൂടിയ കാട്ടുവഴികളിലൂടെ കുറച്ചു ദൂരം നടന്നു നീങ്ങിയാൽ ഇവിടേക്ക് എത്താം. പാലക്കാടുള്ള ധോണി കുന്നുകള കുറിച്ചാണ് ഈ പറയുന്നത്. അടിവാരത്തിൽ നിന്ന് മൂന്ന് മണിക്കൂർ നടന്നാല്‍ നിബിഡ വനത്തിലെത്തും. പ്രകൃതി ഒളിപ്പിച്ചു വെച്ച മറ്റൊരു മോഹനഭാവമാണിവിടെ കാണാനാവുക.

വനത്തിനകത്തേക്ക് പ്രവേശിക്കുന്നതോടെ മൂടൽമഞ്ഞും തണുപ്പും പൊതിയുന്ന ധോണിയിലേക്കുളള നടത്തം ഹൃദ്യമായ ഒരനുഭവമാണ് സമ്മാനിക്കുക. അപൂർവസസ്യങ്ങളുടെ കലവറയായ ധോണിയുടെ ചെരിവുകളിൽ ആനയടക്കമുളള കാട്ടുമൃ​ഗങ്ങൾ ധാരാളമുണ്ട്. വടക്ക് പടിഞ്ഞാറൻ ഘട്ടമാണ് ധോണിയുടെ അതിർത്തി. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിംഗ് സ്ഥലം കൂടിയാണിത്. 

ധോണിയിലെ വനംവകുപ്പ് ഓഫീസിൽ നിന്നാണ് ഈ യാത്രയുടെ തുടക്കം. ധോണിമല യാത്രക്ക് മുൻകൂട്ടി അനുവാദം വാങ്ങണം. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പ്രവേശനം. ഒരാൾക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. വനപ്രദേശമായതിനാൽ സഞ്ചാരികൾക്ക് വഴിതെറ്റാൻ സാദ്ധ്യതയുണ്ട്. കൂടാതെ കാട്ടാന ശല്യവുമുണ്ടാകും. അതിനാൽ ഒരു ഗൈഡും യാത്രയ്ക്കൊപ്പം കൂടെ ഉണ്ടാകും.

പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ താണാവ് ജങ്ഷനിൽ നിന്ന് തിരിഞ്ഞാണ് ധോണിയിലേക്ക് പോകുക. പാലക്കാട് നിന്ന് റെയിൽവേ കോളനി വഴി ധോണിയിലേക്ക് ഇടവിട്ട് ബസുമുണ്ട്. ഹെയർപിൻ വളവുകൾ താണ്ടി മുകളിലെത്തിയാൽ ധോണി വെള്ളച്ചാട്ടവും കാണാനാകും. ആന, കടുവ, പുലി, മാൻ, കുരങ്ങൻ, മുള്ളൻപന്നി തുടങ്ങിയ വന്യമൃഗങ്ങളും വിവിധ ഇനം ഷഡ്പദങ്ങളും ഇവിടെയുണ്ട്. 

എങ്ങനെ എത്താം

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട്, ധോണി റോഡിലേക്ക് 12 കി. മീ. 

അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ, 78  കി. മീ, കോഴിക്കോട് 101 കി. മീ.

READ MORE:  ആലുവയിൽ നിന്ന് മൂന്നാറിലേക്ക് പോകാനുള്ള എളുപ്പവഴി; രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

By admin