ഇന്ത്യസഖ്യത്തിൽ നിന്ന് അകലം പാലിക്കാൻ സിപിഎം? തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നെന്ന് തമിഴ്നാട് സെക്രട്ടറി
ചെന്നൈ: ഇന്ത്യ സഖ്യത്തിൽ നിന്ന് അകലം പാലിക്കാൻ ഒരുങ്ങുന്നുവെന്ന സൂചനയുമായി സിപിഎം.ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്ത്യ സഖ്യമെന്ന് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖൻ പറഞ്ഞു. മധുര പാർട്ടി കോൺഗ്രസിലും ഈ നിലപാടിന് സ്വീകാര്യത ലഭിക്കാനാണ് സാധ്യത.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അവസരത്തിനൊത്ത് ഉയർന്നെന്നും, ബിജെപിക്ക് തിരിച്ചടി നേരിടാൻ കാരണം പ്രതിപക്ഷ കൂട്ടായ്മയാണെന്നുമായിരുന്നു ജൂൺ അവസാനം ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ മധുരയിലെ പാർട്ടി കോൺഗ്രസിന് തൊട്ടുമുൻപ് ആതിഥേയ സംസ്ഥാനത്തെ പാർട്ടിയുടെ അമരക്കാരൻ പറയുന്നത് ഇന്ത്യ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള ക്രമീകരണമായിരുന്നു ഇങ്ങനെ.
ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിർത്തിയുള്ള പോരാട്ടം സിപിഎം തുടരും ദേശീയ തലത്തിൽ ഇടതുപാർട്ടികളുടെ ഐക്യവും കൂട്ടായ പ്രവർത്തനവും വർധിപ്പിക്കേണ്ട സാഹചര്യമെന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം കൂടുതൽ പ്രാദേശിക പാർട്ടികളുമായി നേരിട്ട് സഹകരിക്കാൻ ശ്രമിക്കുകയും ചെയ്യും.
കോൺഗ്രസ് സഖ്യം പശ്ചിമ ബംഗാളിൽ തുടരുമോ എന്നതും സംശയമാണ്. ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ നിന്ന് സിപിഎം നേരത്തെ വിട്ടുനിന്നിരുന്നു. രാജ്യത്ത് പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് മധുരയിൽ രാഷ്ട്രീയ ലൈൻ പ്രഖ്യാപിക്കാനാണ് സാധ്യത. അപ്പോഴും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ കോൺഗ്രസും സിപിഎമ്മും ഡിഎംകെ നയിക്കുന്ന സഖ്യത്തിന്റെ ഭാഗവുമാകും.