ഇതൊക്കെ എന്ത്! കഴിഞ്ഞ ഐപിഎല്ലില്‍ ബുമ്രക്കെതിരെ അശുതോഷ് നേടിയ സ്വീപ് സിക്‌സര്‍ വീണ്ടും കയ്യടി നേടുന്നു

വിശാഖപട്ടണം: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം സമ്മാനിച്ചത് അശുതോഷ് ശര്‍മ്മയുടെ വെടിക്കെട്ടാണ്. 20 ഓവറും പൂര്‍ത്തിയാവാന്‍ മൂന്ന് പന്ത് മാത്രം ബാക്കിനില്‍ക്കേ സിക്‌സര്‍ പറത്തി കളി തീര്‍ക്കുകയായിരുന്നു അശുതോഷ്. അഞ്ച് ഗംഭീര സിക്‌സറുകള്‍ അശുതോഷിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ അശുതോഷ് നേടിയ സ്വീപ് സിക്‌സര്‍ കട്ടാല്‍ ഇതിലാര്‍ക്കും അത്ഭുതം തോന്നില്ല. 

ഇതാദ്യമല്ല അശുതോഷ് ശര്‍മ്മ ഐപിഎല്ലില്‍ ഞെട്ടിക്കുന്നത്. 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 28 പന്തില്‍ 61 റണ്‍സ് അശുതോഷ് അടിച്ചുകൂട്ടിയിരുന്നു. അന്ന് പഞ്ചാബ് കിംഗ്‌സിന്‍റെ താരമായിരുന്നു അശുതോഷ്. മത്സരം പഞ്ചാബ് തോറ്റെങ്കിലും അന്ന് അശുതോഷിന്‍റെ ഇന്നിംഗ്സ് വലിയ ശ്രദ്ധ നേടി. അന്ന് പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിലെ 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ ശ്രമം സ്വീപ് ഷോട്ട് സിക്സിലൂടെ അശുതോഷ് ഗ്യാലറിയിലെത്തിച്ചിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുമ്ര എന്നോര്‍ക്കണം. ആ ബുമ്രക്കതിരെ ക്രീസില്‍ ചുവടുവെച്ച് കളിക്കാന്‍ ബാറ്റര്‍മാര്‍ പലരും മടിക്കുന്ന കാലത്താണ് സാഹസിക ഷോട്ടിന് അശുതോഷ് ശര്‍മ്മ മുതിര്‍ന്നത്. അന്നത്തെ അശുതോഷ് ഷോട്ടിന്‍റെ വീഡിയോ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. 

ഇന്നലത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ആദ്യം ബാറ്റ് ചെയ്ത് 210 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ വച്ചുനീട്ടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ തുടക്കം കൂട്ടത്തകര്‍ച്ചയോടെയായിരുന്നു. 1.4 ഓവറില്‍ 7 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാമനായി ക്രീസിലെത്തിയ നായകന്‍ അക്സര്‍ 11 പന്തില്‍ 22 അടിച്ചു. ഇതിന് ശേഷം ട്രിസ്റ്റന്‍ സ്റ്റബസ് 22 പന്തില്‍ നേടിയ 34 റണ്‍സ് ശ്രദ്ധേയമായി. ഇതിന് ശേഷം വിപ്രജ് നിഗം-  അശുതോഷ് ശര്‍മ്മ സഖ്യം നടത്തിയ വെടിക്കെട്ടാണ് ഡല്‍ഹിക്ക് ജയമുറപ്പിച്ചത്. വിപ്രജ് 15 പന്തില്‍ 39 ഉം, അശുതോഷ് 31 പന്തില്‍ 66 ഉം റണ്‍സെടുത്തു. 19.3 ഓവറില്‍ സിക്സോടെയാണ് അശുതോഷ് മത്സരം തീര്‍ത്തത്. 

Read more: മിന്നിച്ച അരങ്ങേറ്റം; വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ സ്പെഷ്യല്‍ ഗിഫ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin