അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉള്ളത് ഇവിടെയാണ്
വീടിന്റെ ഹൃദയഭാഗമായാണ് അടുക്കളയെ കണക്കാക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ അഴുക്കുള്ളതും അടുക്കളയിലാണ്. പാകം ചെയ്ത കറികളും, കറപിടിച്ച ഫ്ലോറും തുടങ്ങി ഓരോ ഭാഗങ്ങളിലൂടെയും കണ്ണോടിക്കേണ്ടതുണ്ട്. മിക്കവാറും ആളുകൾ എളുപ്പത്തിൽ വൃത്തിയാക്കി പോവുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ പലരും പെട്ടെന്ന് കണ്ണെത്തുന്ന സ്ഥലങ്ങൾ മാത്രമാണ് വൃത്തിയാക്കുന്നത്. എന്നാൽ അടുക്കളയിൽ നിങ്ങൾ പോലും വിചാരിക്കാത്ത സ്ഥലങ്ങളിലാണ് കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
കിച്ചൻ സിങ്ക്
വെള്ളം ഒഴുകിപോകുന്നത് കൊണ്ട് തന്നെ സിങ്കിൽ യാതൊരു അഴുക്കും ഉണ്ടാകില്ല എന്നാണ് പൊതുവെ നമ്മൾ കരുതിയിരിക്കുന്നത്. എന്നാൽ ശരിക്കും അതങ്ങനെയല്ല. കാരണം പലതരം വസ്തുക്കൾ കഴുകുന്നതുകൊണ്ട് തന്നെ സിങ്കിൽ അണുക്കളും കറയും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും അണുവിമുക്തമാക്കേണ്ടത് അതാവശ്യമാണ്.
സ്പോഞ്ച്, സ്‌ക്രബർ
അടുക്കളയിൽ പാത്രങ്ങൾ കഴുകാനും വൃത്തിയാക്കാനുമൊക്കെ നമ്മൾ സ്പോഞ്ച്, സ്‌ക്രബർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എപ്പോഴും ക്ലീനറുകളുടെ സാന്നിധ്യമുള്ളത് കൊണ്ട് അണുക്കൾ ഉണ്ടാവില്ലെന്ന് നമ്മൾ കരുതും. എന്നാൽ പലതരം പാത്രങ്ങൾ വൃത്തിയാക്കുന്നത് കൊണ്ട് തന്നെ ശരിക്കും സ്പോഞ്ചിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്.
ഫ്രിഡ്ജ്
പലതരം ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാറുണ്ട്. ഫ്രിഡ്ജിനുള്ളിൽ എപ്പോഴും തണുപ്പായതുകൊണ്ട് തന്നെ ഈ ഭക്ഷണങ്ങളിൽ നിന്നും ബാക്റ്റീരിയകൾ ഉണ്ടാവുകയും അത് ഫ്രിഡ്ജിലേക്ക് പടരുകയും ചെയ്യുന്നു. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ വേണം സൂക്ഷിക്കേണ്ടത്. കൂടാതെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കുകയും വേണം.
കട്ടിങ് ബോർഡ്
അധിക പേരും അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നവരാണ്. പച്ചക്കറിയും പഴവർഗ്ഗങ്ങളും മുറിക്കുന്നതുകൊണ്ട് തന്നെ എപ്പോഴും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പലതരം കട്ടിങ് ബോർഡുകൾ ഉണ്ട്. എന്നാൽ തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിലാണ് അണുക്കൾ കൂടുതലായും ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും സോപ്പ് അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം.
വീട് പെയിന്റ് ചെയ്യുമ്പോൾ ചുമരിൽ ഇങ്ങനെ വരാറുണ്ടോ? എങ്കിൽ ഇതാണ് കാരണം