സ്വന്തം സ്വപ്നങ്ങള്‍ മറന്ന്, സ്വന്തം ആഗ്രഹങ്ങള്‍ കളഞ്ഞ്, ഞങ്ങള്‍ക്കു വേണ്ടി ജീവിച്ച അമ്മ!
ഞാനും ചേട്ടനും ഇതൊന്നും അറിയാതെ ആണ് വളര്‍ന്നത്. അല്ല, ഇതൊന്നും അറിയിക്കാതെ ആണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. ഈ കഷ്ടപ്പാടിന്റെ ഇടയിലും, ഞങ്ങള്‍ക്കൊപ്പമുള്ള അമ്മയുടെ അനിയത്തിമാരുടെ മക്കളെയും അമ്മ നോക്കിയിരുന്നു.
സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെച്ച് മക്കള്‍ക്കു വേണ്ടി ജീവിക്കുക. അതൊട്ടും എളുപ്പമല്ല എങ്കിലും ഒരുപാട് അമ്മമാര്‍ അങ്ങനെയാണ്. അതില്‍നിന്ന് ഒരു വ്യത്യാസവുമില്ല എന്റെ അമ്മയ്ക്ക്. ഓര്‍മ്മവെച്ച കാലം മുതല്‍, ഞാന്‍ കാണുന്നത് ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന, സ്വന്തം ആഗ്രഹങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ ജീവിക്കുന്ന അമ്മയെ ആണ്.
എനിക്ക് ഇപ്പോള്‍ 27 വയസ്സ്. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെയും ആങ്ങളെയെയും വളര്‍ത്തി ഇതുവരെ എത്തിച്ചത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ കുറച്ച് പശുക്കള്‍ ഉണ്ടായിരുന്നു, അതായിരുന്നു വീട്ടിലെ ഏക വരുമാനം, വനത്തില്‍ പോയി പുല്ലും ചെത്തി വിറകും പെറുക്കി തളര്‍ന്ന് അവശ ആയി വരുന്ന അമ്മ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഉണ്ട്. അന്നൊക്കെ എന്റെ വിചാരം ഈ അമ്മക്ക് എന്നേക്കാള്‍ ഇഷ്ടം പശുക്കളോടാണ് എന്നൊക്കെ ആയിരുന്നു.
ഇന്ന് ഞാന്‍ ഒരമ്മയുടെ സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ഒരു നേരം പോലും വിശ്രമിക്കാതെ അമ്മ അന്ന് കഷ്ടപ്പെട്ടത് ഞങ്ങള്‍ക്കുവേണ്ടി ആണെന്ന് പൂര്‍ണ്ണബോധ്യം വരുന്നത്. അമ്മ എല്ലാവരെയും സ്‌നേഹിച്ചിരുന്നു, ബന്ധുക്കളെ, അയല്‍ക്കാരെ എല്ലാവരെയും. എന്നാല്‍ അതൊന്നും അമ്മക്ക് ഒരിക്കലും തിരിച്ചു കിട്ടിയിരുന്നില്ല. അപ്പന്‍ മദ്യപാനി ആയിരുന്നതിനാല്‍, വീട്ടിലെ എല്ലാ ഉത്തരവാദിത്തവും അമ്മയ്ക്കായിരുന്നു.
ഞാനും ചേട്ടനും ഇതൊന്നും അറിയാതെ ആണ് വളര്‍ന്നത്. അല്ല, ഇതൊന്നും അറിയിക്കാതെ ആണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. ഈ കഷ്ടപ്പാടിന്റെ ഇടയിലും, ഞങ്ങള്‍ക്കൊപ്പമുള്ള അമ്മയുടെ അനിയത്തിമാരുടെ മക്കളെയും അമ്മ നോക്കിയിരുന്നു. ഞങ്ങളോട് കാണിക്കുന്നതിനേക്കാള്‍ സ്‌നേഹവും കരുതലും അമ്മ എപ്പോഴും അവരോടു കാണിച്ചിരുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മാറി. അവരൊക്കെ സ്വന്തം ജീവിതം ഭദ്രമാക്കി. അമ്മ ഇപ്പോഴും പഴയതുപോലെ ജീവിക്കുന്നു.
മുമ്പുണ്ടായിരുന്ന ആരും വീട്ടിലേക്ക് പഴയതുപോലെ വരാതായത് അമ്മയെ വേദനിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, സ്വന്തം ജീവിതം ജീവിക്കാതെ, മക്കള്‍ക്ക് വേണ്ടി, കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി മാറ്റിവെച്ചൊരു ജീവിതം. സ്വാഭാവികമായും അത് സങ്കടകരമാണ്. അമ്മയുടെ മനസ്സില്‍ ആ സങ്കടങ്ങള്‍ അതേപടിയുണ്ട്. എന്നാലും ആരോടും പരിഭവവും ഇല്ലാതെ അമ്മ ജീവിക്കുന്നുണ്ട്, ഞങ്ങള്‍ക്ക് വേണ്ടി.
ഇനിയുള്ള കാലം എന്നെക്കൊണ്ട് പറ്റുന്ന പോലെ അമ്മയെ സന്തോഷത്തിലും സമാധാനത്തിലും കൊണ്ട് നടക്കണം. ആ ആഗ്രഹം മാത്രമാണ് എന്നെ മുന്നോട്ടു കൊണ്ടുപോവുന്നത്.
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം