തിരുവനന്തപുരം: സ്കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയിൽ മന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.
അതേസമയം മൂന്നാറിൽ കെ എസ് ആർ ടി സി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് സാമ്പത്തികമായി ലാഭമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ 13,13,400 രൂപ വരുമാനം ലഭിച്ചെന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു. കെ എസ് ആർ ടി സി ജീവനക്കാരാണ് ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സിയുടെ നഷ്ടം കുറയ്ക്കാനും ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകാനും ഉടൻ സാധിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. വൈപ്പിൻകാരുടെ ഏറെക്കാലത്തെ ആവശ്യമായ ഗോശ്രീ ബസുകൾ നഗരപ്രവേശം തുടങ്ങി. 4 സ്വകാര്യബസുകളും 10 കെ എസ് ആർ ടി സി ബസുകളുമാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുക. അനുവദിച്ചിരിക്കുന്ന ബസുകൾ വിജയകരമായി ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് കെ എസ് ആർ ടി സി സർവീസ്.