കൊച്ചി: വാളയാർ കേസിലെ സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ. തങ്ങളെ കൂടി പ്രതിചേർത്തിരിക്കുന്ന കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഏപ്രിൽ ഒന്നിന് ഹർജിയിൽ വിധി പറയും.
കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും അവരെ കൊലപ്പെടുത്തിയത് ആണെന്നുമാണ് ഹർജിയിലെ പ്രധാനവാദം. ഇത് ശരി വയ്ക്കുന്ന തെളിവുകൾ ഉണ്ടായിട്ടും അത് സിബിഐ മുഖവിലയ്ക്ക് എടുത്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ ഹർജി സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായാണ് ഏപ്രിൽ ഒന്നിലേക്ക് മാറ്റിയത്.
മാർച്ച് അഞ്ചാം തീയതിയാണ് മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തതായി സിബിഐ വിചാരണ കോടതിയെ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും പ്രതി ചേർത്തിരിക്കുന്നത്.  ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക പീഡനത്താൽ കുട്ടികൾ ആത്മഹത്യ ചെയ്തു എന്നാണ് സിബിഐ കണ്ടെത്തൽ. പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അവരുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് സി ബി ഐ പറയുന്നു. വാളയാർ പീഡനവുമായി ബന്ധപ്പെട്ട് ആകെ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 6 കേസുകളിലും അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സി ബി ഐ കോടതിയെ അറിയിച്ചു. മറ്റ് മൂന്ന് കേസുകളിലും ഇവരെ പ്രതി ചേർക്കും. അതിനുള്ള നടപടികൾ തുടരുകയാണ്.
ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയും അമ്മയും ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. വാളയാറിൽ 13 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. എന്നാൽ അന്വേഷണത്തിന് ഒടുവിൽ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *