വാളയാർ കേസിൽ തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം, കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. തങ്ങളെ കൂടി പ്രതിചേർത്ത സി ബി ഐ നടപടിക്കെതിരെയാണ് ഹർജി നൽകിയത്. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസിൽ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റി. കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ.

വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർത്ത് സിബിഐ

വിശദ വിവരങ്ങൾ ഇങ്ങനെ

ഈ മാസം അഞ്ചാം തിയതിയാണ് മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർത്തതായി സി ബി ഐ വിചാരണ കോടതിയെ അറിയിച്ചത്. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സി ബി ഐ കണ്ടെത്തൽ. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സി ബി ഐ കോടതിയെ അറിയിച്ചു. 3 കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്.

മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സി ബി ഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സി ബി ഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 13 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിലായിരുന്നു സി ബി ഐ അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin