ലഖ്‌നൗവിനോട് പകരംവീട്ടാന്‍ കെ എല്‍ രാഹുല്‍ കളത്തിലില്ല; എന്തുകൊണ്ട് താരം ഡല്‍ഹിയുടെ ഇലവനിലില്ല?
വിശാഖപട്ടണം: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ മത്സരത്തില്‍ തന്‍റെ പഴയ ടീമായ ലഖ്നൗവിനെതിരെ കെ എല്‍ രാഹുല്‍ ഇന്ന് എന്തുകൊണ്ട് കളിക്കുന്നില്ല? ലഖ്‌നൗ സൂപ്പര്‍ ജയന്‍റിനെതിരെ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ കണ്ടില്ല. എന്തുകൊണ്ടാണ് കെ എല്‍ രാഹുല്‍ ഈ മത്സരത്തില്‍ കളിക്കാത്തത്.
തന്‍റെ പഴയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് പകരംവീട്ടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ആദ്യ കളിയില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലുണ്ടാകും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ രാഹുല്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നെങ്കിലും ലഖ്‌നൗവിനെതിരെ കളിക്കാന്‍ താരമുണ്ടാകുമോ എന്ന സംശയം ഡല്‍ഹി നായകന്‍ അക്സര്‍ പട്ടേല്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവെച്ച് ടോസ് വേളയില്‍ അക്സര്‍ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ രാഹുലിന്‍റെ പേരുണ്ടായില്ല. ഐപിഎല്‍ കളിക്കാതെ രാഹുല്‍ എവിടെപ്പോയി? കുടുംബപരമായ കാരണങ്ങളാല്‍ കെ എല്‍ രാഹുല്‍ വീട്ടിലേക്ക് മടങ്ങി എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്‌പ്രസിന്‍റെ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയും ഇക്കാര്യം ശരിവെക്കുന്നു. ടോസ് വേളയില്‍ രാഹുലിനെ കുറിച്ച് അക്സര്‍ യാതൊന്നും പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. അടുത്ത മത്സരത്തിന് മുമ്പ് കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്ക്വാഡില്‍ തിരിച്ചെത്തും എന്നാണ് സൂചന.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നായകനായിരുന്നു കെ എല്‍ രാഹുല്‍. ടൂര്‍ണമെന്‍റിനിടെ ടീമുടമയും രാഹുലും തമ്മില്‍ മൈതാനത്ത് വാക്കുതര്‍ക്കമുണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ ടീം കൈവിടുകയും അദേഹത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ സ്വന്തമാക്കുകയുമായിരുന്നു.
Read more: പവർ പ്ലേ ലഖ്നൗ അങ്ങെടുത്തു; ഒരു വിക്കറ്റ് നഷ്ടം, അടിച്ചുതകർത്ത് മിച്ചൽ മാർഷ്