ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുക്ക്, ലഹരി വ്യാപാരികൾ ചെറുപ്പക്കാർ; ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

തിരുവനന്തപുരം: രാസലഹരിയുടെ പ്രഹരമേൽക്കുകയാണ് കേരളത്തിന്. ബെംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമൊഴുകുന്ന എംഡിഎംഎയാണ് രാസലഹരിയിൽ പ്രധാനം. ലഹരിയുടെ വഴികൾ തേടി, അതിന്‍റെ പ്രഹരമേറ്റ് കാലിടറിയവരോടൊപ്പം ഏഷ്യാനെറ്റ് ന്യൂസ് യാത്ര തുടങ്ങുകയാണ്. 

ഇന്ത്യയിലെ സിലിക്കന്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു രാസലഹരിയുടെ ഉറവിടങ്ങളിലൊന്നായി മാറുന്നു. പബ്ബുകളിലും നഗര പാതകളിലും ഇടനിലക്കാരായും ലഹരി വ്യാപാരികളായും ചെറുപ്പക്കാരെയാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ സംഘം കണ്ടത്.  പഠിക്കാനായെത്തിയ മലയാളി വിദ്യാര്‍ഥികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

കേരളത്തിലേക്ക് കടത്തുന്ന രാസലഹരിയില്‍ ഭൂരിഭാഗവും ബെംഗളൂരു, ഗോവ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണെന്ന പൊലീസ് വിലയിരുത്തലിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ബെംഗളൂരുവില്‍ എത്തിയത്. ആഘോഷ കേന്ദ്രങ്ങള്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഇടങ്ങള്‍, അന്തർ സംസ്ഥാന ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളിലെല്ലാം എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസ ലഹരി സുലഭമെന്നായിരുന്നു വിവരം. മജിസ്റ്റിക്കില്‍ ഞങ്ങള്‍ കണ്ട ചെറുപ്പക്കാരന്‍ മറയേതും കൂടാതെ ലഹരി വഴി പറഞ്ഞു തന്നു. അവര്‍ തരുന്ന നമ്പരിലേക്ക് പണമയക്കണം. ലഹരി വാങ്ങാനുള്ള ലൊക്കേഷന്‍ വാട്സാപ്പില്‍ വരും. അവിടെത്തുമ്പോൾ അടുത്ത സന്ദേശം കാത്തിരിക്കുന്നുണ്ടാവും. എവിടെയാണ് ചെറു പൊതി വച്ചിരിക്കുന്നതെന്ന ചിത്രം.

നഗര ഹൃദയത്തിന് പുറത്തുള്ള കോറമംഗലത്തെ രാത്രി. ആഴ്ചയവസാനമായതിനാല്‍ പബ്ബുകള്‍ തേടി നൂറുകണക്കിന് ചെറുപ്പക്കാര്‍. അതിലൊരു മലയാളികളുടെ ചെറു സംഘത്തെ പിന്തുടര്‍ന്ന് എത്തിയത് പാര്‍ക്കിങ് ലോട്ടില്‍. പിന്നെക്കണ്ടത് ലഹരിയില്‍ മുങ്ങിത്താഴുന്ന ദൃശ്യങ്ങളാണ്.

മഡിവാളയിലെ തിരക്കുള്ള വ്യാപാര കേന്ദ്രത്തില്‍ ഞങ്ങള്‍ കണ്ട ചെറുപ്പക്കാര്‍ കേരളത്തില്‍ നിന്ന് ചരക്കെടുക്കാൻ എത്തിയവരായിരുന്നു. റൂമെടുത്ത് താമസിച്ച് ചരക്കുമായി പല സംഘങ്ങളായി ഇവർ കേരളത്തിലേക്ക് പോകുന്നു. താത്ക്കാലിക പരിശോധനകൾ കൊണ്ട് കാര്യമില്ല. നിരന്തര പരിശോധനകളിലൂടെ മാത്രമേ കേരളത്തിലേക്ക് ഒഴുകുന്ന രാസലഹരിക്ക് തടയിടാനാവൂ. 

എത്തിച്ചത് മൈദയുടെയും വൈക്കോലിന്‍റെയും മറവിൽ, ദിവസങ്ങളോളം നിരീക്ഷണം; ഒടുവിൽ പിടികൂടിയത് 6500 ലിറ്റർ സ്പിരിറ്റ്

By admin