പ്രധാന പ്ലാന്‍ മിഷൻ 2026; ആരും ശത്രുവല്ല, എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പ്രധാന പ്ലാന്‍ മിഷൻ 2026 തന്നെയാണ് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ ധനസ്ഥിതി ദുർബലമാണ്. മാറ്റം കൊണ്ടുവരാൻ കഴിയുന്നത് എന്‍ഡിഎയ്ക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ മാറ്റവും ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരാനാണ് ആഗ്രഹം. റിസ്ക് എടുക്കാൻ പേടി ഉള്ള ആളല്ല താനെന്നും തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴും റിസ്ക് നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കി പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണ്. കടം വാങ്ങി ജീവിക്കുന്ന നായമാണ് ഇരുമുന്നണികൾക്കും ഉള്ളത്. നോക്കുകൂലി ഉള്ള കേരളമല്ല, തൊഴിൽ, നിക്ഷേപം ഉള്ള കേരളമാണ് നമ്മുക്ക് വേണ്ടത്. ദില്ലയിൽ നിന്നും കേന്ദ്ര സർക്കാർ പണം പ്രിന്റ് ചെയ്ത് ഇറക്കുകയല്ല. കേന്ദ്ര ഫണ്ടുകൾക്ക് മാനദണ്ഡമുണ്ട്. അതൊന്നും കൃത്യമായി ചെയ്യാതെ കേന്ദ്രത്തെ പഴിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.