പ്രതീക്ഷകളോടെ ലോകം, റഷ്യ – യുക്രൈൻ വെടിനിർത്തലിനായി സൗദിയിൽ സുപ്രധാന ചർച്ചകൾ തുടരുന്നു
റിയാദ്: റഷ്യ – യുക്രൈൻ വെടിനിർത്തലിനായി സൗദിയിൽ ചർച്ചകൾ തുടരുന്നു. കരിങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതും യുക്രൈൻ തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതി തടസപ്പെടാതിരിക്കാൻ ഉള്ള നടപടികളും ചർച്ചകളിലുണ്ട്. പകരം റഷ്യയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ ഇളവുകളുണ്ടായേക്കും.
ഊർജ്ജ – അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്ക് മേലുള്ള ആക്രമണം നിർത്തിവെയ്ക്കാനുള്ള ധാരണകൾക്കും ശ്രമമുണ്ട്. 30 ദിവസത്തെ വെടിനിർത്തലിനായാണ് ചർച്ച. യുക്രൈനും അമേരിക്കയും തമ്മിലുള്ള ചർച്ച പൂർത്തിയായി. ഇന്നത്തെ ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം സൗദിയിലെത്തി. റഷ്യയുമായും യുക്രൈനുമായും അമേരിക്ക വെവ്വേറെ ചർച്ചകളാണ് നടത്തുന്നത്. അമേരിക്കയുമായി നടന്ന മൂന്നാംവട്ട ചർച്ച ഫലപ്രദമെന്ന് യുക്രൈൻ പ്രതിരോധമന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു. അതേസമയം ചർച്ചകളുടെ തുടക്കം മാത്രമാണിതെന്ന റഷ്യൻ നിലപാട് ധാരണയിലെത്താൻ കൂടുതൽ സമയമെടുക്കുമെന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞത്. ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ റഷ്യ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.