‘ധോണിയെ സ്ലെഡ്ജ് ചെയ്ത് ദീപക് ചാഹര്‍, ബാറ്റുകൊണ്ട് അടിച്ചോടിച്ച് തല’; രസകരമായ വീഡിയോ

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയിച്ചിരുന്നു. ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. 25 പന്തില്‍ 31 റണ്‍സ് നേടിയ തിലക് വര്‍മയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്ര (45 പന്തില്‍ 65), റുതുരാജ് ഗെയ്കവാദ് (26 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിന് ശേഷം എം എസ് ധോണിയും മുന്‍ ചെന്നൈ താരവും ഇപ്പോള്‍ മുംബൈ പേസറുമായ ദീപക് ചാഹറും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടീം മാറിയിട്ടും ചെന്നൈയുടെ ഇതിഹാസ നായകനും ചാഹറുമായുള്ള സൗഹൃദവും ആത്മബന്ധത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. 

നേരത്തെ മത്സരത്തിനിടെ ധോണിക്കെതിരെ തമാശരൂപേണ സ്ലെഡ്ജിംഗുമായി രംഗത്ത് വന്നിരുന്നു ചാഹര്‍. ധോണി ക്രീസിലെത്തിയപ്പോള്‍ അടുത്തുവരികയും നേരെ നോക്കി കയ്യടിക്കുകയും ചെയ്തു. ധോണിയോട് മാത്രമല്ല രവീന്ദ്ര ജഡേജയോടും ചാഹര്‍ ഇതുതന്നെ ചെയ്തു. പിന്നാലെ മത്സരത്തിന് ശേഷം ധോണി, ചാഹറിന് മറുപടി നല്‍കി. മത്സരം അവസാനിച്ച് ഹസ്തദാനത്തിന് നില്‍ക്കെ ധോണി, ബാറ്റുകൊണ്ട് ചാഹറിന്റെ പിന്നില്‍ അടിക്കുകയായിരുന്നു. രസകരമായ വീഡിയോ കാണാം.

മത്സരം മുംബൈ തോറ്റെങ്കിലും അവരുടെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ആശ്വസിക്കാനുള്ള വകയുണ്ടായിരുന്നു. വിഘ്‌നേഷ് മത്സരം പൂര്‍ത്തിയാക്കിയത് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നേട്ടത്തോടെയാണ്. റുതുരാജ് ഗെയ്കവാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്.

By admin