ചെന്നൈയ്ക്ക് എതിരായ ദീപക് ചഹറിന്റെ തകർപ്പൻ പ്രകടനം; ‘കട്ടപ്പ’ റഫറൻസുമായി സഹോദരി

ഞായറാഴ്ച ചെപ്പോക്കിൽ നടന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിം​ഗ്സ് പോരാട്ടത്തിൽ ശ്രദ്ധേയമായത് മലയാളി താരം വിഘ്നേഷ് പുത്തൂരായിരുന്നെങ്കിലും മുംബൈ നിരയിൽ തിളങ്ങിയ മറ്റൊരു താരം കൂടിയുണ്ടായിരുന്നു. ചെന്നൈ വിട്ട് മുംബൈയിലെത്തിയ ഓൾ റൗണ്ട‍ർ ദീപക് ചഹ‍ർ. ബാറ്റിം​ഗിൽ വലിയ തിരിച്ചടി നേരിട്ട മുംബൈയെ 155 എന്ന ഭേദപ്പെട്ട സ്കോറിലേയ്ക്ക് എത്തിച്ചത് അവസാന ഓവറുകളിൽ ദീപക് ചഹർ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിം​ഗ് പ്രകടനമായിരുന്നു. 

15 പന്തുകൾ നേരിട്ട ദീപക് ചഹ‍ർ 28 റൺസുമായി പുറത്താകാതെ നിന്നതോടെയാണ് മുംബൈയുടെ സ്കോർ 150 കടന്നത്. 2 ബൗണ്ടറികളും 2 സിക്സറുകളുമാണ് ചഹറിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പന്ത് കൊണ്ടും ദീപക് ചഹ‍ർ തന്റെ പഴയ ടീമിനെ വെള്ളം കുടിപ്പിക്കുന്നതാണ് കണ്ടത്. 2 ഓവറുകളിൽ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത ചഹർ ഒരു വിക്കറ്റും സ്വന്തമാക്കി. ഓപ്പണർ രാഹുൽ ത്രിപാഠിയുടെ വിക്കറ്റാണ് ദീപക് ചഹർ വീഴ്ത്തിയത്. ചെന്നൈയുടെ ബാറ്റിം​ഗിനിടെ തന്റെ മുൻകാല സഹതാരങ്ങളായ രവീന്ദ്ര ജഡേജയെയും മഹേന്ദ്ര സിം​ഗ് ധോണിയെയും ദീപക് ചഹർ സ്ലെഡ്ജ് ചെയ്യുന്ന കാഴ്ചയും കൗതുകമുണർത്തി. ജഡേജയും ധോണിയും ചഹറിനെ തമാശരൂപേണ ബാറ്റ് കൊണ്ട് അടിക്കാൻ തുനിയുന്നതും കാണാമായിരുന്നു. 

ചെന്നൈയ്ക്ക് എതിരായ ​ഗംഭീര പ്രക‍ടനത്തിന് പിന്നാലെ ദീപക് ചഹറിനെ കട്ടപ്പയോട് ഉപമിച്ച് സഹോദരി മാൽതി ചഹർ രം​ഗത്തെത്തി. ചഹറിന്റെ  ചിത്രങ്ങൾക്കൊപ്പം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ കട്ടപ്പ റഫറൻസും ചേർത്ത് മാൽതി ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി പങ്കുവെച്ചു. ചഹർ ബാറ്റ് ചെയ്യുന്നതിന്റെയും വിക്കറ്റ് വീഴ്ത്തി ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾക്കൊപ്പം ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രവും ചേർത്തായിരുന്നു മാൽതിയുടെ സ്റ്റോറി. ജഡേജയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യുന്ന ചഹറിന്റെ വീ‍‍ഡിയോയും മാൽതി പങ്കുവെച്ചിട്ടുണ്ട്. ‌താരലേലത്തിൽ പഞ്ചാബ് കിം​ഗ്സും ചെന്നൈ സൂപ്പർ കിം​ഗ്സും ദീപക് ചഹറിനെ സ്വന്തമാക്കാനായി രം​ഗത്തെത്തിയിരുന്നു. എന്നാൽ, ആവേശകരമായ ലേലം വിളികൾക്കൊടുവിൽ മുംബൈ ഇന്ത്യൻസാണ് 9.25 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയത്.  

READ MORE:  ആവേശപ്പോരിൽ മുംബൈയെ മറികടന്ന് ചെന്നൈ; തോൽവിയിലും തലയുയർത്തി മുംബൈയുടെ വണ്ടർ ബോയ് വിഘ്നേഷ്

By admin