ഇനി അധികം സമയമില്ല, നികുതി ലാഭിക്കാൻ നിക്ഷേപിക്കാം ഈ സ്കീമുകളിൽ

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം  പരമാവധി 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാന്‍ സഹായിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സാധിക്കും. ഏതോക്കെയാണ് ആ നിക്ഷേപ പദ്ധതികളെന്ന് പരിശോധിക്കാം. 

1) പിപിഎഫ് : 

സര്‍ക്കാരിന്‍റെ പദ്ധതിയായ പിപിഎഫ് ഉറപ്പായുള്ള റിട്ടേണ്‍ നല്‍കുന്നതിനൊപ്പം സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ഇളവ് നേടാന്‍ കൂടി സഹായിക്കുന്നു. നിലവില്‍ 7.1 ശതമാനമാണ് സര്‍ക്കാര്‍ നല്‍കുന്ന പലിശ

2) പെന്‍ഷന്‍ പദ്ധതികള്‍: 3 വര്‍ഷത്തില്‍ കുറയാത്ത ഒരു നിശ്ചിത കാലയളവിലേക്ക് ഒരു കേന്ദ്ര പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് നികുതി ലാഭിക്കാന്‍ സഹായിക്കും.

3) ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം: 

ഓഹരികളിലും മറ്റ് അനുബന്ധ സെക്യൂരിറ്റീസുകളിലുമായി മൊത്തം ആസ്തിയുടെ 80 ശതമാനവും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നികുതി ലാഭിക്കുവാനുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും ആകര്‍ഷകമായവയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍. ആദായനികുതി നിയമം 80സി വകുപ്പ് പ്രകാരം 1,50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുന്നു.  .ഇതില്‍ നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന നികുതി സ്ലാബിലുള്ള ഒരു നിക്ഷേപകന് 46,800 രൂപ വരെ ലാഭിക്കുവാന്‍ സാധിക്കുന്നു

4) നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് : എന്‍ എസ് സി നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80ഇ പ്രകാരം കിഴിവുകള്‍ ക്ലെയിം ചെയ്യാം.

5) 5 വര്‍ഷത്തെ ടാക്സ് സേവര്‍ ഫിക്സഡ് ഡെപ്പോസിറ്റ്: ഇത് ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കില്‍ ടാക്സ് സേവര്‍ എഫ്ഡികളിലോ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലോ നടത്തുന്ന നിക്ഷേപമാണ്. ഇതിലൂടെ നികുതി ഇളവ് നേടാം.

6) സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്കീമും സുകന്യ സമൃദ്ധി യോജനയും: 

60 വയസ്സ് പ്രായമുള്ള വ്യക്തികള്‍ക്കോ 55 വയസ്സിന് മുകളിലുള്ള 60 വയസ്സിന് താഴെയുള്ള ജീവനക്കാര്‍ക്കോ വേണ്ടിയുള്ളതാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്) . പ്രതിവര്‍ഷം 8.2 ശതമാനം പലിശയാണ് ഈ നിക്ഷേപത്തിലൂടെ ലഭിക്കുക. ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു സേവിംഗ്സ് പദ്ധതിയാണ് സുകന്യ സമൃദ്ധി .സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 8.2% ആണ്.

7) ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം: ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍  കിഴിവുകള്‍ ക്ലെയിം ചെയ്യാന്‍ ഉപയോഗിക്കാം.

സെക്ഷന്‍ 80ഇ പ്രകാരം കിഴിവിന് അര്‍ഹതയുള്ള ചെലവുകള്‍ ഏതൊക്കെ?

കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഭവന വായ്പകളുടെ പ്രിന്‍സിപ്പല്‍ തിരിച്ചടവ് തുടങ്ങിയ ചെലവുകള്‍ കിഴിവുകള്‍ക്ക് അര്‍ഹമാണ്. രാജ്യത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ പഠനത്തിന് പരമാവധി 2 കുട്ടികള്‍ക്ക് മാത്രമേ ഇത് ലഭിക്കൂ.

By admin