ആൻഡ്രോയ്‌ഡിൽ മോഷൻ ഫോട്ടോ ഷെയറിംഗ് ഫീച്ചറുമായി വാട്‌സ്ആപ്പ്; എന്താണത്?

നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്‌സ്ആപ്പില്‍ ഫോട്ടോകൾ പങ്കിടുകയാണെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ഇനി ഫോട്ടോകൾ പങ്കിടുന്നത് ഇരട്ടി രസമായിരിക്കും. കാരണം ചാറ്റുകൾ, ഗ്രൂപ്പുകൾ, ചാനലുകൾ എന്നിവയിൽ മോഷൻ ഫോട്ടോകൾ പങ്കിടാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പ് 2.25.8.12 ൽ വാബീറ്റ ഇന്‍ഫോ ഇത് കണ്ടെത്തി എന്നുമാണ് റിപ്പോർട്ടുകൾ. ഒരു സ്റ്റാറ്റിക് ഇമേജ് എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള ചില നിമിഷങ്ങൾ മോഷൻ ഫോട്ടോ പകർത്തും. ഇത് ഷെയറിംഗ് അനുഭവം കൂടുതൽ മികച്ചതാക്കും.

സാംസങ് ഗാലക്‌സി, ഗൂഗിൾ പിക്‌സൽ, ആപ്പിൾ ഐഫോണുകൾ തുടങ്ങിയ ഡിവൈസുകളിൽ മോഷൻ ഫോട്ടോകൾ ഇതിനകം തന്നെ ലഭ്യമാണ്. ഇതിൽ ഒരു സ്റ്റാറ്റിക് ഇമേജിനൊപ്പം ഒരു ചെറിയ വീഡിയോ ക്ലിപ്പ് ചേർത്തിരിക്കുന്നു. iOS-ൽ ഇതിനെ ലൈവ് ഫോട്ടോസ് എന്ന് വിളിക്കുന്നു. ആപ്പിൾ ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഇതിനകം തന്നെ മോഷൻ ഫോട്ടോസിനെ പിന്തുണയ്ക്കുന്നുണ്ട്. പുതിയ ഫീച്ചർ ആൻഡ്രോയ്‌ഡ് ഉപയോക്താക്കളെ സമാനമായ രീതിയിൽ മോഷൻ ഫോട്ടോകൾ പങ്കിടാൻ അനുവദിക്കും.

വാട്‌സ്ആപ്പ് ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബീറ്റാ ടെസ്റ്റർമാർക്ക് ഇത് ഇതുവരെ ലഭ്യമല്ല. വാട്‌സ്ആപ്പ് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് അവരുടെ ആൻഡ്രോയ്‌ഡ് സ്മാർട്ട്‌ഫോണുകളിൽ നിന്നുള്ള മോഷൻ ഫോട്ടോകൾ മറ്റ് ഉപയോക്താക്കളുമായി പങ്കിടാൻ കഴിയും. ഈ ചിത്രങ്ങൾ നിലവിൽ സ്റ്റാറ്റിക് ഇമേജുകളായിട്ടാണ് പങ്കിടുന്നത്. എന്നാൽ വാട്‌സ്ആപ്പിന്‍റെ വരാനിരിക്കുന്ന പതിപ്പ് ഉപയോക്താക്കളെ ചാറ്റുകളിലോ ചാനലുകളിലോ മോഷൻ പിക്ചറുകൾ (അല്ലെങ്കിൽ iOS-ലെ ലൈവ് ഫോട്ടോകൾ) പങ്കിടാൻ അനുവദിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. വരും ആഴ്ചകളിൽ കൂടുതൽ ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഭാവിയിലെ അപ്‌ഡേറ്റുകൾക്കൊപ്പം എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകാൻ സാധ്യതയുണ്ട് എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

Read more: ബാങ്ക് ഓഫറുകളൊന്നുമില്ലാതെ തന്നെ ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സിന് 30,906 രൂപ കുറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin