ബ്രസൽസ്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്ത്. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് യുക്രൈൻ പ്രസിഡന്‍റ് ഇന്ന് പറഞ്ഞത്. ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ റഷ്യ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ചക്കിടെയാണ് സെലൻസ്കിയുടെ പ്രതികരണം.
അതേസമയം യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. റഷ്യയുമായുളള യുദ്ധം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ നിര്‍ണായക നീക്കം. ബ്രസല്‍സിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യോഗം ചേരുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഊര്‍ജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും ടെലിഫോണ്‍ ചര്‍ച്ചയില്‍ ട്രംപ്, സെലന്‍സ്കിയെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെയുളള വെടിനിര്‍ത്തല്‍ നിര്‍ദേശം റഷ്യയും തള്ളിയിരുന്നു. അതേസമയം വിഷയം ചർച്ച ചെയ്യാൻ ഫ്രാന്‍സും യു കെയും അടക്കമുളള 20 രാജ്യങ്ങളില്‍ നിന്നുളള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ലണ്ടനില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത റഷ്യ – യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ രംഗത്തെത്തി എന്നതാണ്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ദില്ലിയിൽ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കവെയാണ് തരൂർ ഇക്കാര്യം പറഞ്ഞത്. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂർ പറഞ്ഞു. തരൂരിന്‍റെ പ്രശംസ ബി ജെ പിയും ഏറ്റെടുത്തു. തരൂരിൻറെ നിലപാട് സാമൂഹ്യമാധ്യമങ്ങളിൽ ബി ജെ പി പ്രചരണായുധമാക്കി. തരൂരിനെ ടാഗ് ചെയ്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ അഭിനന്ദന കുറിപ്പുമിട്ടു. റഷ്യ – യുക്രെയ്ൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. മറ്റു കോണ്‍ഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നാണ് കെ സുരേന്ദ്രൻ കുറിച്ചത്.