World Tuberculosis Day 2025 : ക്ഷയരോഗം നിസാരമല്ല ; ശ്രദ്ധിക്കണം ഈ രോഗലക്ഷണങ്ങൾ
നമുക്കറിയാം മാർച്ച് 24 ലോക ക്ഷയരോഗദിനം. ക്ഷയരോഗത്തിന് കാരണമാകുന്ന മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന രോഗാണുവിനെ കണ്ടെത്തിയത് 1882 മാർച്ച് 24ന് സർ റോബർട്ട് കോച്ച് ആയിരുന്നു. അതിനാൽ തന്നെ എല്ലാവർഷവും മാർച്ച് 24 ലോക ക്ഷയ രോഗദിനമായി ആചരിക്കപ്പെടുന്നു. ആഗോള പകർച്ചവ്യാധിയായ ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധവും, നിർമ്മാർജ്ജന പ്രവർത്തനങ്ങളുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
‘അതെ, നമുക്ക് ടി ബി അവസാനിപ്പിക്കാൻ കഴിയും: പ്രതിജ്ഞ ചെയ്യുക, നിക്ഷേപം നടത്തുക,നടപ്പിൽ വരുത്തുക’ എന്നതാണ് ഇത്തവണത്തെ ക്ഷയരോഗദിന സന്ദേശം.
ലോകത്ത് പകർച്ചവ്യാധികൾ മൂലമുണ്ടായിട്ടുള്ള മരണങ്ങളിൽ രണ്ടാംസ്ഥാനത്താണ് ക്ഷയരോഗം. ഏതാണ്ട് 16 ലക്ഷത്തിലധികം ആൾക്കാരാണ് ഒരു വർഷം ടി.ബി മൂലം ലോകത്ത് മരണപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ടി.ബിരോഗികളും മരണങ്ങളും ഇന്ത്യയിലാണെന്നുള്ളത് എന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. അതിനാൽ തന്നെ സുവ്യക്തമായ അവബോധം നമുക്ക് അത്യാവശ്യമാണ്.
എന്താണ് ടി.ബി?
മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ക്ഷയ രോഗം അഥവാ ട്യൂബർക്കുലോസിസ്.
എവിടെയാണ് ക്ഷയരോഗം ബാധിക്കുന്നത്?
ശ്വാസകോശത്തെയാണ് സാധാരണയായി ക്ഷയരോഗം ബാധിക്കുന്നത്. അത്തരം ക്ഷയരോഗത്തെ പൾമണറി ടി ബി അഥവാ ശ്വാസകോശ ടി ബി എന്നു പറയുന്നു.
പക്ഷേ, ശരീരത്തിൽ എവിടെ വേണമെങ്കിലും ക്ഷയരോഗം ബാധിക്കാം. തലച്ചോറ്, കഴല, എല്ല്, ആമാശയം, കുടൽ, ത്വക്ക്, നട്ടെല്ല്, വൃക്ക, കണ്ണ് എന്നിങ്ങനെ പല ഭാഗത്തും ക്ഷയരോഗം ബാധിക്കാം. അത്തരം ടി.ബി യെ എക്സ്ട്രാ പൾമണറി ടി ബി അഥവാ ശ്വാസകോശേതര ടി ബി എന്ന് പറയുന്നു.
പകരുന്ന വിധം
ശ്വാസകോശ ടി.ബി ഉള്ള വർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേയ്ക്കു വരുന്ന സ്രവങ്ങളിലൂടെ രോഗാണു അന്തരീക്ഷ ത്തിൽ വ്യാപിക്കുന്നു.
നാം നേരത്തേ പറഞ്ഞ മൈകോബാക്ടീരിയം ട്യൂബർ ക്കുലോസിസ് എന്ന രോഗാണുവിന് അതിജീവന ശേഷി കൂടുതലായതിനാൽ ദീർഘകാലം ഈ കണങ്ങൾ തങ്ങി നിൽക്കുകയും അത് മറ്റുള്ളവരിലേയ്ക്ക് രോഗം പടർത്തുകയും ചെയ്യുന്നു. Droplet infection എന്നാണ് ഇതിന് പറയുക.
ഇപ്രകാരം ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10-15 പേർ ക്ക് രോഗം പകർത്തുന്നുണ്ട ന്നാണ് കണക്കാക്കിയിരിക്കു ന്നത്. രോഗാണു ഉള്ളിൽ ചെന്ന എല്ലാവരിലും രോഗം വരണമെന്നില്ല. നല്ല ആരോഗ്യ മുള്ള വ്യക്തികളിൽ രോഗാണുവിനെ ചെറുത്ത് തോൽപ്പിക്കാ ൻ സാധിക്കും.
ആരാണ് പ്രതിരോധശേഷി കുറഞ്ഞവർ?
മദ്യപാനം, പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രമേഹം, പോഷകാഹാരക്കുറവ്, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ, കാൻസർ രോഗികൾ, അവയവം മാറ്റിവച്ചവർ, എച്ച്. ഐ.വി ബാധിതർ ഇവരിൽ രോഗാണു സജീവമാകാനും ക്ഷയരോഗം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ഇവർ കൃത്യമായ ഇടവേളകളിൽ കഫം പരിശോധിക്കുകയും രോഗം ഇല്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഭാവിയിൽ അസുഖം ഉണ്ടാക്കുകയും അതിന്റെ ലക്ഷണങ്ങൾ പുറത്ത് പ്രകടമാ ക്കുകയും ചെയ്യും. രോഗാണു ഉള്ളിൽ ചെന്ന ആൾക്കാരിൽ 10-15ശതമാനം ആളുകളിൽ മാത്രമേ രോഗം പിടിപെടാറുള്ളു.
രോഗലക്ഷണങ്ങൾ
രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. രണ്ടാഴ്ച്‌ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, പ്രത്യേ കിച്ചും വൈകുന്നേരങ്ങളിൽ കണ്ടുവരുന്ന പനി, കാര്യമായി തൂക്കം കുറയൽ, രക്തം ചുമച്ച് തുപ്പുക, വിശപ്പില്ലായ്‌മ, രാത്രി യിൽ ഉള്ള അമിത വിയർപ്പ് തുടങ്ങിയവ ശ്വാസകോശ ടി.ബി യുടെ ലക്ഷണങ്ങളാണ്.
കഴലവീക്കം, സന്ധിവേദന, സന്ധിവീക്കം, അപസ്മാരം, നടുവേദന, വയറുവേദന, തൊലിയിൽ മാറാതെയുള്ള വ്രണങ്ങൾ എന്നിവ ശ്വാസകോ ശേതര ടി ബി യുടെ ലക്ഷണ ങ്ങളായി കാണപ്പെടുന്നു.
രോഗനിർണ്ണയം എങ്ങനെ?
ടി.ബി ബാധിക്കുന്ന അവയവങ്ങൾക്കനുസരിച്ച് രോഗനിർണ്ണയ രീതിയും വ്യത്യാസപ്പെടുന്നു. ശ്വാസകോശ ടി.ബി യിൽ കഫ പരിശോധനയാണ് രോഗനിർണ്ണയത്തിലെ ആണിക്കല്ല്. കഫത്തിന്റെ മൈക്രോസ്കോപ്പി പരിശോധനയാണ് ഏറ്റവും ലളിതമായ രോഗനിർ ണ്ണയ രീതി. ഇതിനായി രണ്ട് സാംപിളുകൾ എടുക്കണം (spot sample & early morning sample). സർക്കാർ ലാബുകളിലും, തെരഞ്ഞെടുത്ത സ്വകാര്യ ലാബുകളിലും പരിശോധന സൗജന്യമാണ്.
തുറസ്സായ സ്ഥലത്ത് നിന്ന് വേണം കഫം എടുക്കാൻ. ചുമച്ച് ഉള്ളിൽ നിന്നും വരുന്ന കട്ടിയായ കഫം എടുക്കണം. കഫം എടുക്കുന്നതിന് മുമ്പാ യി പല്ലുതേക്കുകയും വായ വൃത്തിയായി കഴുകുകയും വേണം.
അതുകൂടാതെ, TrueNat, CBNAAT, LPA എന്നിങ്ങനെയുളള ചില ആധുനിക രോഗനിർണ്ണയ രീതികളുമുണ്ട്. കഫം, മറ്റ് സ്രവങ്ങൾ, ബയോപ്സി ഭാഗങ്ങൾ ഇവയെല്ലാം ഈ പരിശോധനകൾക്ക് വിധേയമാക്കാം. ക്ഷയരോഗാണുക്കളുടെ DNA കണ്ടെത്തുന്ന മോളിക്കു ലാർ പരിശോധനയാണിത്. അതോടൊപ്പം ഈ അണുക്കൾ മരുന്നിനോട് പ്രതികരിക്കുന്ന താണോ അല്ലെയോ എന്നും അധികമായി ഈ പരിശോധന യിലൂടെ അറിയാൻ സാധിക്കും.
ഇതുകൂടാതെ, കഫത്തിന്റെ കൾച്ചർ പരിശോധന, നെഞ്ചി ന്റെ എക്സ‌്റേ, ചിലപ്പോൾ സി.ടി സ്കാൻ, ട്യൂബർക്കുലിൻ സ്കിൻ ടെസ്‌റ്റ്, IGRA tests എന്നിവയും രോഗനിർണ്ണയത്തിൽ ആവശ്യമായി വരാറുണ്ട്. ചിലപ്പോൾ കഫം തീരെ പരിശോധനയ്ക്ക് ലഭ്യമാകാത്ത രോഗികളിൽ ശ്വാസനാളത്തിന്റെ ഉള്ളിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിക്കുന്ന ബ്രോങ്കോസ്കോപ്പി എന്ന രോഗനിർണ്ണയ രീതിയും അവലംബിക്കാറുണ്ട്.
ശ്വാസകോശേതര ടി.ബി യിൽ പലപ്പോഴും ടി.ബി ബാധയുള്ള അവയവങ്ങളുടെ കുത്തി പരിശോധനയോ (FNAC), ബയോപ്‌സി പരിശോധനയോ ആണ് രോഗനിർണ്ണയത്തെ സഹായിക്കുക.
ചികിത്സ എങ്ങനെ?
തുടർച്ചയായി കൃത്യമായ അളവിൽ മരുന്ന് കഴിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് ക്ഷയ രോഗം. ചികിത്സാ കാലയളവ് ചുരുങ്ങിയത് 6 മാസമാണ്. 8 ആഴ്ച്‌ച തുടർച്ചയായി 4 മരുന്നു കൾ അടങ്ങിയ ഗുളിക ദിവസവും കഴിക്കണം. ഇവ റിഫാംപിസിൻ, ഐസോനിയാസിഡ്, എത്താംബ്യൂട്ടോൾ, പൈറസിനമൈഡ് തുടങ്ങിയവയാണ്. ഇതിന് ശേഷം 16 ആഴ്ച്ച പൈറാസിനാമൈഡ് ഒഴികെ ബാക്കി 3 മരുന്നുകൾ അടങ്ങിയ ഗുളികകൾ ദിവസവും കഴിക്കണം. ആദ്യത്തെ 8 ആഴ്ചയെ തീവ്രഘട്ടം എന്നും പിന്നീടുള്ള 16 ആഴ്ചയെ തുടർഘട്ടം എന്നും വിളിക്കുന്നു.
ക്ഷയരോഗചികിത്സ പൂർണ്ണമായും സൗജന്യമാണ്. എല്ലാ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. ക്ഷയരോഗത്തിന്റെ മരുന്നിനും പാർശ്വഫലങ്ങൾ അപൂർവ്വമായി ഉണ്ടാകാം. പല പാർശ്വഫലങ്ങളും നിസ്സാരങ്ങളാണ്. അങ്ങനെയുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കണം.
മൂത്രത്തിൽ നിറവ്യത്യാസം, വയറെരിച്ചിൽ, വിരലുകളിൽ തരിപ്പ്, സന്ധിവേദന, കണ്ണിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന പാർശ്വഫലങ്ങൾ.
ക്ഷയരോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായും മൂക്കും മാസ്ക് കൊണ്ട് മൂടണം.
പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
കഫം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം കുഴിച്ചിടണം.
രോഗിയുടെ മുറിയിലെ ജനലുകൾ തുറന്നിടുക. നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുക.
കൃത്യമായ ചികിത്സയിലൂടെ ടി.ബി രോഗിക്ക് സാധാരണ ജീവിതം നയിക്കുവാൻ സാധി ക്കും. ഏതാനും ദിവസത്തെ ചികിത്സ കൊണ്ട് തന്നെ രോഗപകർച്ച ഇല്ലാതാക്കാൻ കഴിയും. ചികിത്സിക്കുന്ന ഡോക്ടറു ടെ നിർദ്ദേശപ്രകാരം ജോലിക്കോ പഠനത്തിനോ മറ്റും പോകാനും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരാനും സാധിക്കും. ഇതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.
ക്ഷയരോഗ ലക്ഷണങ്ങൾ കാണിക്കുന്ന ആളുകളെ കഫം പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുകയും രോഗം നിർണ്ണയി ക്കപ്പെട്ടാൽ ആത്മവിശ്വാസവും മുടങ്ങാതെ മരുന്ന് കഴിക്കാനുള്ള പ്രേരണയും നൽകാനുള്ള കടമ സമൂഹത്തിനുണ്ട്. അങ്ങനെ, സർക്കാർ സംവിധാനങ്ങളും ആരോഗ്യരംഗവും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രയത്നിച്ചാൽ ക്ഷയരോഗം തുടച്ചു നീക്കാൻ സാധിക്കും. അതുവഴി ഈ വർഷത്തെ ടി.ബി ദിന സന്ദേശം അന്വർത്ഥമാകുകയും ചെയ്യും. ‘അതെ, നമുക്ക് ടി.ബി അവസാനിപ്പിക്കാൻ കഴിയും” (Yes We can end TB).
(കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ് ഡോ. ജി മഹേഷ് ദേവ്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) യംഗ്ഡോക്ടർസ് ഫോറം ജില്ലാ കോർഡിനേറ്ററും, ഐഎംഎ – ജെഡിഎൻ കൊല്ലം ജില്ലാ കൺവീനറുമാണ് അദ്ദേഹം.)