1.50 കോടി ബജറ്റ്, 30,000 കളക്ഷനെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ഒറ്റ തിയറ്ററിൽ മാത്രം 8.14 ലക്ഷമെന്ന് സംവിധായകൻ
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍. ആത്മ സഹോ എന്ന സിനിമയുടെ സംവിധായകന്‍ ഗോപുകിരണ്‍ സദാശിവനാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവര് 28 ന് തിയറ്ററുകളിലെത്തിയ തന്‍റെ ചിത്രം നിലവില്‍ തിയറ്ററുകളില്‍ ഇല്ല എന്ന തരത്തിലാണ് അസോസിയേഷന്‍റെ റിപ്പോര്‍ട്ടിലെന്നും തിരുവനന്തപുരം ലുലു പിവിആറില്‍ നിന്ന് മാത്രം 8.14 ലക്ഷം കിട്ടിയ ചിത്രമാണ് 30,000 രൂപ ലൈഫ് ടൈം കളക്ഷനുമായി തിയറ്റര്‍ വിട്ടെന്ന് അസോസിയേഷന്‍ പറഞ്ഞിരിക്കുന്നതെന്നും ഗോപുകിരണ്‍ ആരോപിക്കുന്നു. പിവിആറിന്‍റെ ഡിസിആര്‍ (ഡെയ്‍ലി കളക്ഷന്‍ റിപ്പോര്‍ട്ട്) അടക്കം പുറത്തുവിട്ടുകൊണ്ടാണ് സംവിധായകന്‍റെ വിമര്‍ശനം. നിര്‍മ്മാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കുകളില്‍ ഉള്‍പ്പെട്ട തന്‍റെ ചിത്രത്തിന്‍റെ യാഥാര്‍ഥ്യത്തെക്കുറിച്ച് ഗോപുകിരണ്‍ സദാശിവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
“സിനിമ റിലീസ് ചെയ്ത മറ്റ് തിയറ്ററുകളുടെയൊന്നും ഡിസിആര്‍ (ഡെയ്‍ലി കളക്ഷന്‍ റിപ്പോര്‍ട്ട്) എനിക്ക് ഇതുവരെ വന്നിട്ടില്ല. എന്‍റെ സിനിമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് വളരെ സര്‍പ്രൈസിംഗ് ആയിരുന്നു നിര്‍മ്മാതാക്കളുടെ ഈ അനൗണ്‍സ്‍മെന്‍റ്. അത് ഞങ്ങളെ തീര്‍ച്ചയായും ബാധിക്കും. പ്രദര്‍ശനം തുടരുന്ന ഒരു സിനിമയല്ലേ? ഒരുപാട് പേരുടെ ചോദ്യം വരും. കളിയാക്കല്‍ ഉണ്ടാവും. ഇത് കണ്ട് യുഎസിലുള്ള സുഹൃത്തുക്കള്‍ വരെ വിളിച്ച് ചോദിച്ചു, എന്താണ് സംഭവിച്ചത് എന്ന്. നിവൃത്തിയില്ലാതെയാണ് ആ കണക്കുകള്‍ ഫേസ്ബുക്കില്‍ ഇട്ടത്. പിവിആറില്‍ അടക്കം കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞ് കൂടുതല്‍ ആളുകള്‍ വരുമ്പോഴാണ് ഈ ലിസ്റ്റ് വന്നത്. മിനിഞ്ഞാന്ന് വരെ തിരുവനന്തപുരം ലുലു പിവിആറില്‍ മാത്രം വന്ന കളക്ഷന്‍ 8.14 ലക്ഷം രൂപയാണ്. ആകെ കളക്ഷന്‍ സംബന്ധിച്ച് വിതരണക്കാരില്‍ നിന്നും എനിക്കുപോലും ഡിസിആര്‍ കിട്ടിയിട്ടില്ല. എനിക്ക് പോലും അറിയാത്ത ഒരു കണക്കാണ് അവര്‍ പറയുന്നത്”. ലിസ്റ്റ് പുറത്തുവന്നയുടന്‍ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെങ്കിലും എന്നാല്‍ അതിന് സാധിച്ചില്ലെന്നും ഗോപുകിരണ്‍ പറയുന്നു.
സിനിമയുടെ ബജറ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നതുപോലെതന്നെ 1.50 കോടി ആണെന്നും ഗോപുകിരണ്‍ പറയുന്നു.
“ഞങ്ങളുടേത് ചെറിയ സിനിമയാണ്. പബ്ലിസിറ്റിക്കായി പൈസ ചെലവഴിക്കാന്‍ ഉണ്ടായിരുന്നില്ല. ലോങ് റണ്ണില്‍ ആണ് ഇതുപോലെയുള്ള സിനിമകള്‍ പ്രോഫിറ്റബിള്‍ ആവുന്നത്. തിയറ്റര്‍ വിട്ടാല്‍ ഒടിടി ഉണ്ട്. ഏറ്റവും സങ്കടം സിനിമ റണ്ണിംഗ് ആണെന്ന് പോലും അതില്‍ കാണിച്ചിട്ടില്ല എന്നതാണ്. എത്ര പേര്‍ ഇതിനെക്കുറിച്ച് വാ തുറക്കുമെന്ന് അറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് വായ തുറന്നേ പറ്റൂ. നാളെ ഒടിടി ബിസിനസ് സംസാരിക്കുന്ന സമയത്ത് വന്ന വാര്‍ത്തകള്‍ ഒരു ബുദ്ധിമുട്ടാവും. ഒരുപക്ഷേ 28-ാം തീയതി റിലീസ് ചെയ്ത എന്‍റെ പടത്തിന്‍റെ ഒരു ദിവസത്തെ കളക്ഷന്‍ ആയിരിക്കാം അവര്‍ പറഞ്ഞത്. പക്ഷേ ആ വ്യക്തത അതില്‍ വേണമായിരുന്നു. അത് ഉണ്ടായില്ല”, ഗോപുകിരണ്‍ പറയുന്നു.
തിരുവനന്തപുരം പിവിആര്‍ ലുലുവിലെ ആത്മ സഹോയുടെ ഡിസിആര്‍
“തിയറ്ററുകള്‍ ചുരുക്കാന്‍ കാരണമുണ്ട്. പല തിയറ്ററുകളിലും ഞാനായിട്ടാണ് സിനിമ പിന്‍വലിച്ചത്. നോമ്പും സ്കൂള്‍ പരീക്ഷാ കാലവുമാണ്. ഒപ്പം പല തിയറ്ററുകളിലും ലഭിച്ച ഷോ ടൈമും അനുകൂലമായിരുന്നില്ല. രാവിലെ 10 മണിക്കൊക്കെ എത്ര പേര്‍ പടം കാണാന്‍ വരും? ഈ സീസണ്‍ കഴിഞ്ഞ് ചില തിയറ്ററുകളില്‍ റീ റിലീസ് ചെയ്യാം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. 20 തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ അവസാന നിമിഷം പല തിയറ്ററുകളും കിട്ടിയില്ല. 12 തിയറ്ററുകളിലാണ് അവസാനം റിലീസ് ചെയ്തത്. കോഴിക്കോട് ആശിര്‍വാദില്‍ രണ്ട് ആഴ്ച കളിച്ചു. നെടുമങ്ങാട് സൂര്യയില്‍ 10 ദിവസം ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു തിയറ്ററില്‍ ഒരാഴ്ചയ്ക്ക് മേല്‍ കളിച്ചു”, സംവിധായകന്‍ പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ കളക്ഷന്‍ കണക്കുകള്‍
”ഇനി കണക്കുകള്‍ പറയുമ്പോള്‍ ഇതൊക്കെ മനസിലാക്കി, കൃത്യമായി അന്വേഷിച്ച് വേണം പറയാന്‍. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ എന്നെ വിളിച്ച് ചോദിക്കാമിയിരുന്നല്ലോ. പിവിആറിന്‍റെ ഡിസിആര്‍ നിര്‍മ്മാതാവിനാണ് ഇമെയിലില്‍ ലഭിക്കുക. അതുകൊണ്ടാണ് എനിക്ക് ഇതിപ്പോള്‍ തെളിവായി കാണിക്കാന്‍ പറ്റുന്നത്. അസോസിയേഷന്‍റെ കണക്ക് പ്രകാരമുള്ള മറ്റൊരു ചിത്രത്തിന്‍റെ കാര്യവും ഗോപുകിരണ്‍ ചോദിക്കുന്നു- ഫെബ്രുവരിയില്‍ റിലീസ് ചെയ്ത പടങ്ങളില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20 നാണ് എത്തിയത്. ഒടിടിയില്‍ വന്നിട്ടും ഇപ്പോഴും തിയറ്ററുകളില്‍ അത് ലൈവ് ആണ്. 13 കോടി മുടക്കിയ പടം ഒന്‍പത് ദിവസം കൊണ്ട് 11 കോടി നേടി എന്നത് വലിയ ലാഭമല്ലേ?”, ആത്മ സഹോ സംവിധായകന്‍ ചോദിക്കുന്നു.
ALSO READ : ‘എന്‍റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റ്’; മനസ് തുറന്ന് പാർവതി വിജയ്