ഹിറ്റ്‌വിക്കറ്റായിട്ടും നരെയ്ൻ നോട്ടൗട്ട്, വിവാദവും നിയമവും അറിയാം

ഐപിഎല്‍ 18-ാം സീസണിന് ആദ്യ വിവാദത്തിലേക്ക് എത്താൻ വേണ്ടി വന്ന ദൂരം ഏഴ് ഓവറുകള്‍ മാത്രം. പറഞ്ഞ് വരുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെ സംഭവിച്ച സുനില്‍ നരെയ്ന്റെ ഹിറ്റ് വിക്കറ്റിനെക്കുറിച്ചാണ്. താരത്തെ അമ്പയര്‍മാര്‍ പുറത്താക്കത്തതില്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ട് തട്ടിലാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. ശെരിക്കും എന്താണ് സംഭവിച്ചത്, നിയമം പറയുന്നതെന്ത്?

റൈറ്റ് ആം മീഡിയം ബൗളറായ റാസിഖ് സലാം എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. റാസിഖ് എറിഞ്ഞ നാലാം പന്ത് ഷോര്‍ട്ട് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നു. പുള്‍ ഷോട്ടിന് ശ്രമിച്ച നരെയ്ന് പന്ത് കണക്ട് ചെയ്യാൻ കഴിയാതെ പോയി. നരെയ്ൻ്റെ തലയ്ക്ക് മുകളിലൂടെ പാഞ്ഞ പന്ത് സ്വഭാവികമായും ഹൈറ്റിന്റെ ആനൂകുല്യം നല്‍കി സൈഡ് അമ്പയര്‍ വൈഡ് വിളിക്കുകയും ചെയ്തു. 

എന്നാല്‍, പുള്‍ ഷോട്ടിന് ശ്രമിച്ച നരെയ്ന്റെ ബാറ്റ് സ്വിങ് പൂര്‍ത്തിയായപ്പോള്‍ സ്റ്റമ്പില്‍ കൊള്ളുകയും ബെയില്‍സ് താഴെ വീഴുകയും ചെയ്തു. ബെംഗളൂരു താരം വിരാട് കോഹ്ലിയാണ് ഇത് ആദ്യമായി അമ്പയര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഫീല്‍ഡിലുണ്ടായിരുന്ന വിരാട് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. 

എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയില്ല. എന്റെ ശ്രദ്ധ പൂര്‍ണമായും പന്തിലായിരുന്നു. ജിതേഷ് മറുപടി നല്‍കി. ബെംഗളൂരുവിന്റെ നായകൻ രജത് പാട്ടിദാറിന്റെ ഭാഗത്തുനിന്നൊരു ഭാഗീകമായ അപ്പീലും ഹിറ്റ് വിക്കറ്റിനായി ഉണ്ടായി. നരെയ്ന്റെ ബാറ്റ് ബെയില്‍സില്‍ കൊണ്ടിട്ടുണ്ടാകാം എന്ന തരത്തിലായിരുന്നു റീപ്ലെയും. പക്ഷേ അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല.

ഇനി ഇതിന്റെ നിയമവശങ്ങളിലേക്ക് വരാം. മാരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് ക്രിക്കറ്റിലെ നിയമങ്ങള്‍ തയാറാക്കുന്നത്. എംസിസി റൂള്‍ ബുക്കിലെ റൂള്‍ നമ്പര്‍ 35.1.1 പറയുന്നത് പ്രകാരം ബൗളര്‍ പന്ത് എറിയാൻ ആരംഭിക്കുന്നതിനും പന്ത് പ്ലേയില്‍ തുടരുന്ന സമയത്തിനും ഇടയില്‍ ബാറ്ററുടെ ശരീരമോ ബാറ്റൊ തട്ടി ബെയില്‍ താഴെ വീണാല്‍ മാത്രമായിരിക്കും ഹിറ്റ് വിക്കറ്റാകുക. ബോള്‍ ഡെഡ് ആയിരിക്കുന്ന സമയത്താണ് സംഭവിക്കുന്നതെങ്കില്‍ വിക്കറ്റ് അനുവദിക്കില്ല.

നരെയ്ന്റെ ഹിറ്റ് വിക്കറ്റ് ഇനി പരിശോധിക്കാം. റാസിഖിന്റെ പന്ത് നരെയ്ന്റെ തലയ്ക്ക് മുകളിലൂടെ നീങ്ങിയപ്പോള്‍ തന്നെ അമ്പയര്‍ വൈഡ് വിളിച്ചിരുന്നു. ഇതോടെ പന്ത് ഡെഡ് ആവുകയും ചെയ്തു. പന്ത് ഡെഡ് ആയതിന് ശേഷമാണ് നരെയ്ന്റെ ബാറ്റ് സ്റ്റമ്പില്‍ തട്ടുന്നതും ബെയില്‍സ് ഇളകുന്നതും. അതിനാലാണ് ഔട്ട് വിധിക്കാതിരുന്നത്.

ഇത് സാധൂകരിക്കുന്നതാണ് റൂള്‍ ബുക്കിലെ 20.1.1 റൂള്‍. ‍എന്നാല്‍, വൈഡ് ബോളിലും ഹിറ്റ് വിക്കറ്റായാല്‍ ഔട്ട് വിധിക്കാറുണ്ട്. വൈഡ് ബോളില്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ, അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുന്നതിനും ഇടയില്‍ ഹിറ്റ് വിക്കറ്റായാലാണ് ഔട്ട് ശെരിവെക്കുക. 

നരെയ്ൻ 18 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സംഭവം. പതിവിന് വിപരീതമായി മെല്ലെതുടങ്ങിയ നരെയ്ൻ ഹിറ്റ് വിക്കറ്റ് നിമിഷത്തിന് ശേഷം കത്തിക്കയറുന്നതിനായിരുന്നു ഈഡൻ ഗാ‍‍ര്‍ഡൻസ് സാക്ഷ്യം വഹിച്ചത്. പിന്നീട് നേരിട്ട പത്ത് പന്തില്‍ 26 റണ്‍സായിരുന്നു നരെയ്ൻ കൂട്ടിച്ചേര്‍ത്തത്. നരെയ്ന്റെ ഇന്നിങ്സ് മത്സരഫലത്തെ സ്വാധീനിക്കാത്ത വിധമായിരുന്നു ബെംഗളൂരുവിന്റെ പ്രകടനവും.

ഇത് ആദ്യമായല്ല ബെംഗളൂരുവിന്റെ മത്സരത്തില്‍ വിവാദമുണ്ടാകുന്നത്. 2019ല്‍ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു നൊബോള്‍ വിവാദം. അന്ന് 188 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരുവിന് അവസാന പന്തില്‍ ജയിക്കാൻ ആറ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മലിംഗ എറിഞ്ഞ പന്തില്‍ ഒരു റണ്‍സ് പോലും നേടാൻ ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്ക്ക് സാധിച്ചിരുന്നില്ല. 

മത്സരം മുംബൈ വിജയിച്ചു. എന്നാല്‍, റീപ്ലേയില്‍ മലിംഗ എറിഞ്ഞ പന്ത് നോ ബോള്‍ ആയിരുന്നെന്ന് കണ്ടെത്തി. പക്ഷേ, അമ്പയര്‍ നോ ബോള്‍ വിധിച്ചില്ല. മത്സരശേഷം അമ്പയര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു കോഹ്ലി തൊടുത്തത്.

By admin