ഹിറ്റ്മാനും തലയും, നമുക്കൊരു ഒന്നൊന്നര റോളുണ്ട് ഇത്തവണ!

മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിങ്സും…ഇത്രയും ആഘോഷിക്കപ്പെട്ട രണ്ട് ടീമുകള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭൂതകാലത്തിലില്ല. അതിന് പിന്നിലെ കാരണം ആ രണ്ട് പേരാണ്, എം എസ് ധോണിയും  രോഹിത് ശർമയും. ഇരുജേഴ്സിയിലും അഞ്ച് നക്ഷത്രങ്ങള്‍ തുന്നിച്ചേർത്തവർ. നായക കസേരയൊഴിഞ്ഞ് പുതുതലമുറയ്ക്ക് വഴിമാറിക്കൊടുത്തിട്ട് സീസണുകള്‍ പിന്നിടുന്നു. ഐപിഎല്‍ ഒരു ചലച്ചിത്രാവിഷ്കാരമാണെങ്കില്‍ മറ്റാർക്കും ചെയ്യാനാകാത്ത വേഷങ്ങളാണ് തലയുടേയും ഹിറ്റ്മാന്റെയും.

ഇരുവരുടേയും നേട്ടങ്ങളുടെ പട്ടികയിലേക്കല്ല ഈ പറച്ചിലിന്റെ പോക്ക്. മറിച്ച്, ഇനി ഇവർക്ക് മുന്നില്‍ എന്തായിരിക്കുമെന്നാണ്. ചെപ്പോക്കില്‍ ചെന്നൈ-മുംബൈ പോരിന്റെ പുതിയ അധ്യായം ഇന്ന് തുറക്കപ്പെടും. ധോണിയുടേയും രോഹിതിന്റെയും റോളെന്താകും.

പതിരാനയുടെ യോർക്കർ ലോങ് ഓണിന് മുകളിലൂടെ പായിക്കുന്ന ധോണിയുടെ വീഡിയോ ചെന്നൈ സൂപ്പർ കിങ്സ് പുറത്തുവിട്ടിട്ട് അധിക ദിവസമായിട്ടില്ല. നെറ്റ്സില്‍ സ്പിന്നിനും പേസിനുമെതിരെ പവർ ഹിറ്റിങ് മാത്രം പരിശീലിക്കുന്ന എം എസ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ കളത്തിലെത്തുന്നതെന്ന് ഓർമിപ്പിക്കാത്തവിധമാണ് പരിശീലനം. ഇതെല്ലാം ഒരു സൂചനയാണ്. 2024ന്റെ ആവർത്തനം അല്ലെങ്കില്‍ അതിലും അപകടകാരിയാകുക.

2024ലേക്ക് പോകാം, സീസണില്‍ ആകെ മൊത്തം ധോണി നേരിട്ടത് 73 പന്തുകളായിരുന്നു. നേടിയത് 161 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 220.55. ആ 73 പന്തില്‍ ബൗണ്ടറികളുടെ എണ്ണം 27. നേരിടുന്ന 36 ശതമാനം പന്തുകളും ബൗണ്ടറി ലൈൻ കടന്നെന്ന് ചുരുക്കം. ഫിനിഷറെന്ന റോള്‍ ധോണി അക്ഷരാ‍ര്‍ത്ഥത്തില്‍ നിറവേറ്റും. ഇത്തവണ ഇതില്‍ അല്‍പ്പം മാറ്റമുണ്ടാകുമെന്നാണ് നായകൻ റുതുരാജ് ഗെയ്ക്വാദ് നല്‍കുന്ന സൂചന.

നേരിടുന്ന പന്തുകളില്‍ പരമാവധി സിക്സറുകള്‍ നേടാനുള്ള ശ്രമമാണ് ധോണി നടത്തുന്നതെന്നാണ് റുതുരാജ് വാ‍ര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. ഈ സീസണില്‍ പരമാവധി ആസ്വദിക്കാനുള്ള ശ്രമം നടത്തുമെന്ന് ധോണിയും പറ‍ഞ്ഞുകഴിഞ്ഞു. അതുകൊണ്ട് ആരാധകര്‍ക്ക് കൊണ്ടാടാനും ചെന്നൈയുടെ കുതിപ്പിന് ഇന്ധനമാകാനും കെല്‍പ്പുള്ള കാമിയോകള്‍ ധോണിയില്‍ നിന്ന് പ്രതീക്ഷിക്കാം. ഇത്തവണയും പലമൈതാനങ്ങളും മഞ്ഞപുതയ്ക്കുമെന്ന് ഉറപ്പ്.

മറുതലയ്ക്കല്‍ കരിയറിന്റെ പീക്കില്‍ റിസ്ക് ഗെയിം എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത രോഹിത്. കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് ഇത്തവണയെത്തുമ്പോള്‍ ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് എത്തിച്ച നായകനെന്ന ഖ്യാതി സ്വന്തമാക്കിയാണ് രോഹിതിന്റെ വരവ്. ഹാര്‍ദിക്കിന്റെ എൻട്രിയും നായാകസ്ഥാനത്തുനിന്നുള്ള പടിയിറക്കത്തിന്റെ വിവാദങ്ങളുമൊന്നും രോഹിതിനേയും മുംബൈ ക്യാമ്പിനേയും ഇത്തവണ സമ്മ‍‍ര്‍ദത്തിലാഴ്ത്തുന്നില്ല.

നാല് സീസണിന്റെ ക്ഷീണം തീര്‍ക്കാൻ മുംബൈ ഇറങ്ങുമ്പോള്‍ രോഹിത് തന്റെ സ്വഭാവികമായ കളിശൈലിയില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. സ്ഥിരതയുടെ അഭാവം ഉണ്ടായിരുന്നെങ്കിലും രോഹിതിന്റെ ബാറ്റിങ് പ്രകടനം കഴിഞ്ഞ സീസണില്‍ മെച്ചപ്പെട്ടിരുന്നു. 2016ന് ശേഷം രോഹിതിന്റെ ഏറ്റവും മികച്ച സീസണായിരുന്നു 2024. സ്ട്രൈക്ക് റേറ്റിലും വലിയ ഉയ‍ര്‍ച്ചയുണ്ടായി. ഇത് തുടരാൻ തന്നെയായിരിക്കും ഹിറ്റ്മാന്റെ ശ്രമവും.

പവര്‍പ്ലെയില്‍ മുന്നിലെത്തുന്ന ബൗളര്‍മാര്‍ ചെറുതൊ വലുതോ ആവട്ടെ, രോഹിതിന്റെ ബാറ്റിന്റെ മറുപടി ആക്രമണം തന്നെയാകും. രോഹിത് കൂടുതല്‍ പന്ത് നേരിടുന്തോറും എതിരാളികളുടെ വിജയസാധ്യത കുറയും. ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ രോഹിതിന്റെ ഇന്നിങ്സായിരുന്നു ഇരുടീമുകളേയും വേ‍ര്‍തിരിച്ചത്. ഏകദിനത്തില്‍ പോലും ട്വന്റി 20 ശൈലി സ്വീകരിക്കുന്ന രോഹിതിന് ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ മാറിച്ചിന്തിക്കേണ്ട ആവശ്യമുണ്ടാകില്ല.

മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിക്കുക എന്ന ഉത്തരവാദിത്തം രോഹിതിനുണ്ട്. വിക്കറ്റ് വലിച്ചെറിയാതിരിക്കാൻ തീരുമാനിച്ചാല്‍ ഒറ്റയ്ക്ക് കളിയെ വിഴുങ്ങാനുള്ള കെല്‍പ്പ് രോഹിതിന്റെ ബാറ്റിനുണ്ട്. അവസാനം ചെന്നൈയെ ഏറ്റുമുട്ടിയപ്പോള്‍ രോഹിത് 20 ഓവറും നിലകൊണ്ടിരുന്നു. സെഞ്ചുറി നേടി പുറത്താകാതെയായിരുന്നു രോഹിത് കളം വിട്ടത്. 

ധോണിയുടേയും രോഹിതിന്റേയും ബാറ്റില്‍ നിന്ന് ഇടവേളകളില്ലാതെ ബൗണ്ടറികള്‍ പിറക്കുന്നതിന് ക്രിക്കറ്റ് ലോകം ഇത്തവണ സാക്ഷ്യം വഹിക്കും. നേരിടുന്ന അല്ലെങ്കില്‍ എറിയുന്ന പന്തുകളില്‍ എത്ര ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് ട്വന്റി 20 ക്രിക്കറ്റില്‍ എപ്പോഴും വിജയത്തെ നിര്‍ണയിക്കുന്നത്. ഈ ഒരു നി‍ര്‍വചനം അടിസ്ഥാനമാക്കിയാല്‍ 43കാരൻ ധോണിക്കും 37കാരൻ രോഹിതിനും ഇരുടീമുകള്‍ക്കും നല്‍കാനാകുന്ന മേല്‍ക്കൈ ചെറുതല്ല. ചുരുങ്ങിയ പന്തുകള്‍ക്കൊണ്ട് വിജയങ്ങള്‍ തട്ടിയെടുത്ത പാരമ്പര്യം ഇരുവ‍ര്‍ക്കുമുണ്ട്, എത്രയെത്ര മത്സരങ്ങള്‍ മുന്നിലുണ്ട്.

By admin