ഷിബില കൊലക്കേസ്; പൊലീസ് വീഴ്ചയിൽ വിശദ അന്വേഷണം, മേലുദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍
കോഴിക്കോട്: താമരശ്ശേരിയിലെ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം, വീഴ്ച മറയ്ക്കാന്‍ സംഭവത്തില്‍ ഗ്രേഡ് എസ്ഐയെ ബലിയാടാക്കി എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ലഹരിക്കടിമയായ യാസിര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ഷിബിലയും കുടുംബവും ഫെബ്രുവരി 28 ന് നല്‍കിയ പരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതിന് താമരശ്ശേരി സ്റ്റേഷനിലെ പിആര്‍ഒ ആയ ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായി ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിആര്‍ഒ ചുമതലയുള്ളവര്‍ പരാതി തീര്‍പ്പാക്കരുതെന്ന നിര്‍ദേശം ലംഘിച്ചു എന്നായിരുന്നു നൗഷാദിനെതിരെയുള്ള കണ്ടെത്തല്‍. ഗുരുതര വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാനാണ് ചുമതലപ്പെടുത്തിയ റൂറല്‍ ക്രൈം റെക്കോര്‍ഡ് സ് ബ്യൂറോ ഡിവൈഎസ്പിക്ക് റേഞ്ച് ഡിഐജി നല്‍കിയ നിര്‍ദേശം.
അതേസമയം, സംഭവത്തില്‍ ഗ്രേഡ് എസ്ഐയെ ബലിയാടാക്കി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഗ്രേഡ് എസ്ഐയുടെ തലയില്‍ കെട്ടിവെച്ചെന്നാണ് താമരശ്ശേരി സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. ഇക്കാര്യവും അന്വേഷണ പരിധിയില്‍ വരും. ഷബില നല്‍കിയ പരാതി ഗ്രേഡ് എസ്ഐ ഇരുകൂട്ടരെയും വിളിച്ചുവരുത്തി തീര്‍പ്പാക്കിയത് സ്വമേധയ ആണോ, മറ്റാരെങ്കിലും നിര്‍ദേശിച്ചാണോ മുമ്പും ഇത്തരം സംഭവം ഉണ്ടായിരുന്നോ തുടങ്ങിയവയും പരിശോധിക്കും. ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തെങ്കിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി മുന്നോട്ട് പോകാനാണ് ഷിബിലയുടെ കുടുംബത്തിന്റെ തീരുമാനം. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.