രാത്രിയിൽ കരച്ചിൽ പോലും കേട്ടില്ല, രാവിലെയെഴുന്നേറ്റപ്പോൾ ചങ്ങലയിൽ കെട്ടിയ നായയുടെ തല മാത്രം; പുലി ആക്രമണം
കാസർഗോഡ്: ഇരിയണ്ണി ബേപ്പ് തായത്തുമൂലയിലെ കെ.വി.നാരായണന്റെ വീടിനു മുന്നിൽ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് നാല് വയസു പ്രായമുള്ള വളർത്തു നായയുടെ തല മാത്രം. വീടിന് മുന്നിൽ ചങ്ങലയിൽ കെട്ടിയിരുന്ന നായയുടെ തല മുറ്റത്ത് കിടക്കുകയായിരുന്നു. ഇതിനു ചുറ്റും ചോര തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ നായയുടെ ഒരു കാലിന്റെ അവശിഷ്ടവും കണ്ടെത്തി. പുലികളുടെ സാനിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് ഇതിനകം നിരവധി വളർത്തുനായകളെ കാണാതായിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെയോടെയാണ് സംഭവം. ഇരുമ്പ് കൂട്ടിൽ സാധാരണയായി കഴിയാറുള്ള നായ ശനിയാഴ്ച്ച രാത്രിയോടെ നിരന്തരമായ കുരച്ചതിനെ തുടർന്ന് കൂടിനോട് ചേർത്ത് പുറത്തേക്കിറക്കി കെട്ടുകയായിരുന്നുവെന്ന് നാരായണൻ പറയുന്നു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് നാരായണനും കുടുംബവും കിടന്നത്. എന്നാൽ രാത്രി നായയുടെ കരച്ചിൽ പോലും കേട്ടില്ല. രാവിലെ 6 മണിയോടെ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് ഹൃദയഭേദകമായ ഈ കാഴ്ച്ച കണ്ടതെന്നും കുടുംബം.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജയകുമാരൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ജി.അർജ്ജുൻ,ആർ.അഭിഷേക്,യു.രവീന്ദ്ര എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നായയെ പുലി പിടിച്ചതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് രാത്രി കാലപരിശോധന ശക്തമാക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുളിയാർ,ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പാലത്തിന് സമീപത്തെ ക്യാമറിയിൽ കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഭീമൻ ആമ മുട്ടയിടുന്നത് ചിത്രീകരിക്കുന്നതിന് സ്ഥാപിച്ച ക്യാമറയിലാണ് വലിയ ആൺ പുലിയുടെ ദൃശ്യം പതിഞ്ഞത്.