രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കെ സുരേന്ദ്രന് പകരമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. 

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എം കെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബാദിലാണ് രാജീവിന്‍റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെംഗളൂരുവില്ലാണ്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്. കേരളത്തിലെ തായ് വേരും അതുതന്നെ. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും  പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.

2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ.

രാജീവ് ചന്ദ്രശേഖറിന് ഇനി പുതിയ ദൗത്യം; നിർണായകമായത് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം, ഔദ്യോഗിക പ്രഖ്യാപനം നാളെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin