പൊലീസ് സംരക്ഷണയിൽ 32കാരൻ ആശുപത്രിയിൽ കഴിഞ്ഞത് 26 ദിവസം, 6.6 കോടിയുടെ തൊണ്ടിമുതൽ ഒടുവിൽ വീണ്ടെടുത്തു
ഹൂസ്റ്റൺ: കോടികൾ വില വരുന്ന വജ്ര കമ്മലുകൾ വിഴുങ്ങി മോഷ്ടാവ്. 26 ദിവസത്തിന് പിന്നാലെ തൊണ്ടിമുതൽ വീണ്ടെടുത്ത് പൊലീസ്. അമേരിക്കയിലെ ഒർലാൻഡോ പൊലീസാണ് ഏകദേശം ഒരു മാസത്തിന് ശേഷം 32കാരനായ മോഷ്ടാവിൽ നിന്ന് വജ്രകമ്മലുകൾ തിരിച്ചെടുത്തത്. ഫ്ലോറിഡയിലെ ഓർലാൻഡോയിലെ മാളിലെ ടിഫാനി ആൻഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്ലെറ്റിൽ നിന്നാണ് യുവാവ് വജ്ര കമ്മലുകൾ പരിശോധിക്കാനെന്ന പേരിൽ എടുത്ത് വിഴുങ്ങിയത്.
ഇരുപത് ദിവസത്തോളം 32കാരൻ ഓർലാൻഡോയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാസ്ക് ധരിച്ചെത്തി മോഷണം നടത്തിയതിനും കൊള്ളയടിച്ചതിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. തൊണ്ടിമുതൽ ജ്വല്ലറി ഉടമകൾക്ക് തിരികെ നൽകിയതായാണ് പൊലീസ് വിശദമാക്കുന്നത്. ആഭരണം ശുദ്ധീകരിച്ചതായി ടിഫാനി ആൻഡ് കോ വിശദമാക്കിയിട്ടുണ്ട്. എൻബിഎ ബാസ്കറ്റ്ബോൾ താരം ചമഞ്ഞാണ് 32കാരൻ ജ്വല്ലറിയിലെത്തിയത്.
ജീവനക്കാരുടെ ശ്രദ്ധ മാറിയ സെക്കൻഡിൽ കോടികൾ വിലയുള്ള ആഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു മോഷണം. ആറര കോടിയോളം വില വരുന്ന കമ്മലുകളാണ് ഇയാൾ വിഴുങ്ങിയത്. ചുവന്ന തൊപ്പിയും ചുവന്ന ടീ ഷർട്ടും റിപ്പ്ഡ് ജീൻസും ധരിച്ചാണ് ഇയാൾ ജ്വല്ലറിയിലേക്ക് എത്തിയത്. ഓർലാൻഡോയിലെ പ്രശസ്തമായ ഓർലാൻഡോ മാജിക് ബാസ്കറ്റ് ബോൾ ടീമിന്റെ പ്രതിനിധിയാണെന്നാണ് ഇയാൾ ജ്വല്ലറിക്കാരോട് വിശദമാക്കിയത്.
കോടികൾ വിലവരുന്ന വജ്ര കമ്മലുകൾ വിഴുങ്ങി 32കാരൻ, തൊണ്ടിമുതൽ തിരിച്ചെടുക്കാനാവാതെ പൊലീസ്
മാളിലെ പാർക്കിംഗ് മേഖലയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 32കാരന്റെ വാഹനം തിരിച്ചറിയാൻ സാധിച്ചത്. ഈ വാഹനം ഗതാഗത നിയമ ലംഘനത്തിന് പിടിയിലായതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്യാനായത്. എക്സ്റേ പരിശോധനയിലാണ് തൊണ്ടിമുതൽ യുവാവിന്റെ വയറിലുണ്ടെന്ന് വ്യക്തമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം