പെരുമഴക്കൊപ്പം വീശിയടിച്ച കാറ്റ്; കോഴിക്കോട് മലയോരത്ത് വ്യാപക നാശനഷ്ടം

കോഴിക്കോട്: മലയോര മേഖലയായ കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയത്തും നാരങ്ങാത്തോടും ഇന്നലെ വൈകീട്ടോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി ബന്ധം തകരാറിലായി. മുണ്ടൂര്‍ സ്വദേശി സിയാദിന്റെ നിര്‍ത്തിയിട്ട ഓട്ടോക്ക് മുകളില്‍ തെങ്ങ് വീണ് വാഹനം പൂര്‍ണമായും നശിച്ചു.

സിയാദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെറ്റേടത്ത് ചാക്കോ മാത്യുവിന്റെ കോഴിഫാമിന് മുകളില്‍ തെങ്ങ് വീണ് കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. നിരവധി കോഴികളും ചത്തിട്ടുണ്ട്. മനയില്‍ നോബിളിന്റെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടങ്ങളുണ്ടായി. റോഡിന് കുറുകെയും നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്ന് മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

By admin