പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് നിങ്ങൾ കഴുകാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
എന്ത് വസ്ത്രം വാങ്ങിയാലും അത് ഉടനെ ഉപയോഗിക്കാൻ ഒരുങ്ങുന്നവരാണ് നമ്മളിൽ അധികപേരും. ചിലർക്ക് പുതിയ വസ്ത്രങ്ങളുടെ മണം ഇഷ്ടമായിരിക്കും. എന്നാൽ കടയിൽ ചെന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ നമ്മളുൾപ്പെടെ പലരും അത് ട്രയൽ ചെയ്ത് നോക്കാറുണ്ട്. അത്തരത്തിൽ നമ്മൾ വാങ്ങുന്ന വസ്ത്രങ്ങളും പലരും ഇട്ടുനോക്കിയതാവാം. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുന്നേ കഴുകുന്നതാണ് നല്ലത്. എന്നാൽ പലരും പുതിയ വസ്ത്രങ്ങൾ കഴുകാറില്ല. വസ്ത്രങ്ങളുടെ നിറം മങ്ങും, കളർ പോകും, ചുരുങ്ങും എന്നൊക്കെ പറഞ്ഞ് കഴുകാൻ മടിക്കുന്നവരാണ് അധികപേരും. നിങ്ങളൊന്ന് ആലോജിച്ച് നോക്കൂ പലരുടെയും കൈകളിൽ നിന്നും വരുന്ന വസ്ത്രങ്ങൾ അതേപടി ഉപയോഗിക്കുന്നതിനേക്കാളും അഴുക്കും അണുക്കളും കളഞ്ഞ് വൃത്തിയായി ഉപയോഗിക്കുന്നതല്ലേ നല്ലത്.
വസ്ത്രങ്ങളുടെ ലൂക്ക് മാറാതെ എങ്ങനെ വൃത്തിയാക്കും
പുതിയ വസ്ത്രങ്ങൾ ലുക്ക് മാറാതെ തന്നെ വൃത്തിയാകാൻ ഇങ്ങനെ ചെയ്താൽ മതി.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ഒരുമിച്ച് കഴുകാം
നിറം, മെറ്റീരിയൽ, തൂക്കം എന്നിവ മനസിലാക്കി ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ഒരുമിച്ച് കഴുകുന്നതാണ് നല്ലത്. ഇത് പില്ലിങ്, ലിന്റ് ട്രാൻസ്ഫർ, സ്നാഗ്, വസ്ത്രങ്ങൾ ചുരുങ്ങുന്നത് എന്നിവ തടയുന്നു. കട്ടിയുള്ള വസ്ത്രങ്ങളായ ജീൻസ്, ടവൽ തുടങ്ങിയ തുണികൾ മൃദുവായ ടി ഷർട്ട് പോലുള്ള വസ്ത്രങ്ങൾക്കൊപ്പം കഴുകാതിരിക്കുക.
വസ്ത്രങ്ങൾ കുത്തിനിറക്കരുത്
ഒരുപാട് വസ്ത്രങ്ങൾ കുത്തിത്തിരുകി കഴുകുമ്പോൾ തുണികൾ പരസ്പരം ഉരയുകയും വസ്ത്രങ്ങൾ ഫെയ്ഡ് ആയിപോകാനും സാധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രങ്ങൾ പൂർണമായും വൃത്തിയാവുകയും ചെയ്യില്ല. അതുകൊണ്ട് തന്നെ തുണികൾ നിശ്ചിത അളവിൽ മാത്രം കഴുകാനെടുക്കാം .
സോപ്പ് പൊടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
കഠിനമായ സോപ്പ് പൊടി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകാതിരിക്കാം. പകരം അധികം രാസവസ്തുക്കൾ ചേരാത്ത സോപ്പ് പൊടി ഉപയോഗിക്കാവുന്നതാണ്. ഇനി വസ്ത്രങ്ങളിൽ കറപിടിച്ച ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്റ്റെയിൻ റിമൂവർ ഉപയോഗിച്ച് പ്രത്യേകം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വസ്ത്രങ്ങൾ ഉണക്കുമ്പോൾ ഇങ്ങനെ ചെയ്യരുത്
വസ്ത്രങ്ങൾ കഴുകിയതിന് ശേഷം ഉണക്കാൻ ഇടുമ്പോൾ സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിൽ ഇടരുത്. അധികമായി ചൂടേറ്റാൽ വസ്ത്രങ്ങൾ ചുരുങ്ങിപോവുകയും ഫെയ്ഡ് ആവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചെറിയ രീതിയിൽ ചൂട് ലഭിക്കുന്ന സ്ഥലങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ വസ്ത്രങ്ങൾ ഉടനെ എടുക്കാനും മറക്കരുത്.
വസ്ത്രങ്ങളിലെ ലേബൽ ശ്രദ്ധിക്കണം
നിങ്ങൾ വാങ്ങുന്ന വസ്ത്രത്തിന്റെ പിൻഭാഗത്ത് അതിന്റെ മെറ്റീരിയൽ അനുസരിച്ച് എങ്ങനെ കഴുകണം ഉണക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലേബലിൽ നൽകിയിരിക്കും. ഇത് വായിച്ചതിന് ശേഷം മാത്രമേ കഴുകാനും ഉണക്കാനും അയൺ ചെയ്യാനും പാടുള്ളു. ഓരോ തുണിത്തരങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള കെയർ ആണ് ആവശ്യം.
കഴുകിയ വസ്ത്രങ്ങൾ അടുക്കിവയ്ക്കാം
സ്വെറ്റർ, ജാക്കറ്റ് തുടങ്ങിയ വസ്ത്രങ്ങൾ കഴുകിയതിന് ശേഷം മടക്കി സൂക്ഷിക്കുന്നതാണ് നല്ലത്. മടക്കാതെ വെച്ചാൽ ഇത് വലിഞ്ഞുപോകാൻ സാധ്യതയുണ്ട്. എന്നാൽ ഷർട്ട്, കോട്ട്, മറ്റ് തുണിത്തരങ്ങൾ ഹാങ്ങറിൽ കൊളുത്തിയിട്ടാൽ അവയുടെ ഷെയ്പ്പ് മാറാതെ അതുപോലെ നിലനിർത്താൻ സാധിക്കും. അതേസമയം വയർ ഹാങ്ങറുകൾ ഉപയോഗിക്കാതിരിക്കുക. ഇത് കാലക്രമേണ നശിക്കുകയും വസ്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു.
ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ പാടുണ്ടോ? ഈ രണ്ട് കാര്യങ്ങൾ ചെയ്യരുത്