‘ദേശീയ താൽപ്പര്യത്തിന് ഉചിതമല്ല’; കമല ഹാരിസിന്‍റെയും ഹിലരിയുടെയും അടക്കം സുരക്ഷാ അനുമതി റദ്ദാക്കി ട്രംപ്

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് എതിരാളികളായ കമല ഹാരിസ്, ഹിലരി ക്ലിന്‍റൺ എന്നിവരുടേയും മറ്റ് നിരവധി മുൻ ഉന്നത ഉദ്യോഗസ്ഥരുടേയും സുരക്ഷാ അനുമതികൾ റദ്ദാക്കാനുള്ള തീരുമാനവുമായി യുഎസ് പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. തന്‍റെ മുൻഗാമി ജോ ബൈഡന്‍റെ സുരക്ഷാ അനുമതി റദ്ദാക്കുകയാണെന്ന് ട്രംപ് ഫെബ്രുവരിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ബൈഡൻ കുടുംബത്തിലെ “മറ്റ് ഏതൊരു അംഗത്തിന്‍റെയും” സുരക്ഷാ അനുമതി റദ്ദാക്കുകയാണെന്ന് കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം ഈ നടപടി സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഈ വ്യക്തികൾക്ക് രഹസ്യ വിവരങ്ങൾ ലഭ്യമാക്കുന്നത് ദേശീയ താൽപ്പര്യത്തിന് ഇനി ഉചിതമല്ലെന്ന് ട്രംപ് വ്യക്തമാക്കി. മുൻ യുഎസ് പ്രസിഡന്‍റുമാരും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണയായി മര്യാദയുടെ ഭാഗമായി അവരുടെ സുരക്ഷാ അനുമതി നിലനിർത്താറുണ്ട്. മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ, മുൻ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളായ ലിസ് ചെനി, ആദം കിൻസിംഗർ എന്നിവരും ആദ്യ ട്രംപ് ഭരണകൂടത്തിലെ മുൻ റഷ്യൻ കാര്യ ഉപദേഷ്ടാവായ ഫിയോണ ഹില്ലും സുരക്ഷാ അനുമതി നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.

ജേക്ക് സള്ളിവൻ, ലിസ മൊണാക്കോ, മാർക്ക് സെയ്ദ്, നോർമൻ ഐസൻ, ലെറ്റിഷ്യ ജെയിംസ്, ആൽവിൻ ബ്രാഗ്, ആൻഡ്രൂ വെയ്സ്മാൻ, അലക്സാണ്ടർ വിൻഡ്മാൻ എന്നിവരും സുരക്ഷാ അനുമതികൾ റദ്ദാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. തെളിവുകളൊന്നും നൽകാതെ 2020-ലെ തെരഞ്ഞെടുപ്പിൽ ബൈഡന് അനുകൂലമായി ഇടപെട്ടുവെന്ന് ആരോപിച്ച് നാല് ഡസനിലധികം മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികൾ ട്രംപ് നേരത്തെ റദ്ദാക്കിയിരുന്നു.

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: പ്രാർഥിക്കുന്നതിനിടെ ഹമാസ് ഉന്നത നേതാവും ഭാര്യയും കൊല്ലപ്പെട്ടു

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin