തമ്പടിക്കുന്നത് കൂടുതലും ലേബർ ക്യാമ്പുകൾക്ക് സമീപം, 375 തെരുവ് കച്ചവടക്കാരെ പിടികൂടി ദുബൈ പോലീസ്

ദുബൈ: റമദാന്റെ ആദ്യ പകുതിയിൽ പിടികൂടിയത് 375 തെരുവ് കച്ചവടക്കാരെയാണെന്ന് ദുബൈ പോലീസ് അറിയിച്ചു. പൊതു സ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യ വസ്തുക്കളും വ്യാജ ഉൽപ്പന്നങ്ങളും വിറ്റതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള ലൈസൻസില്ലാത്ത കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൗരന്മാർക്കും താമസക്കാർക്കും അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനുമായി ഉപയോ​ഗിച്ച ഒട്ടേറെ വാഹനങ്ങളും ദുബൈ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. 

തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ് ഏരിയകളിലാണ് ഇത്തരത്തിലുള്ള അനധികൃത കച്ചവടക്കാർ സാധനങ്ങൾ കൂടുതലായും വിൽപ്പന നടത്തുന്നത്. കൂടാതെ, തെരുവുകളിലും ഇടവഴികളിലും വൃത്തിഹീനവും സുരക്ഷിതമല്ലാത്ത അവസ്ഥയിലുമാണ് ഭക്ഷണ സാധനങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. 

റമദാനിൽ ദുബൈ പോലീസ് നടത്തിവരുന്ന യാചനാവിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. `ബോധമുള്ള സമൂഹം, യാചനാ രഹിതം’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. ഭിക്ഷാടനത്തിന്റെ അപകട സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കുക, പൊതു ഇടങ്ങളിലെ അനധികൃത പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുക, പൊതു സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. 

read more: ഒമാനിൽ തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തം

By admin