ഗ്യാസ് ബർണറിൽ അടിഞ്ഞുകൂടിയ അഴുക്ക് കളയാൻ ഇങ്ങനെ ചെയ്താൽ മതി
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള സാധനം എന്താണെന്ന് ചോദിച്ചാൽ പലർക്കും പല അഭിപ്രായങ്ങളാണ് ഉണ്ടാവുക. ചിലർക്ക് ഫ്രിഡ്ജ്, ചിലർക്ക് പാത്രം വയ്ക്കുന്ന സ്റ്റാൻഡ്, മറ്റു ചിലർക്ക് വാട്ടർ പ്യൂരിഫയർ എന്നിങ്ങനെ നീളുന്നു. എന്നാൽ ഗ്യാസ് സ്റ്റൗ ഇല്ലാത്ത അടുക്കളയെ കുറിച്ച് ആലോജിച്ച് നോക്കൂ. അടുക്കള ക്രമീകരിക്കുമ്പോൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഗ്യാസ് സ്റ്റൗ. നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഓരോ ദിവസം കഴിയുംതോറും സ്റ്റൗവിലെ തീ ചെറുതാകാൻ തുടങ്ങും. അത്തരം സാഹചര്യങ്ങളിൽ അധികപേരും കരുതുന്നത് സ്റ്റൗ മാറ്റാൻ സമയമായെന്നാണ്. എന്നാൽ ശരിക്കുമുള്ള പ്രശ്‌നം അതൊന്നുമല്ല. എന്നും ഉപയോഗിക്കുമ്പോൾ പൊടിയും എണ്ണയും അഴുക്കുമൊക്കെ ചേർന്ന് ഗ്യാസ് ബർണറിന്റെ ഹോളുകളിൽ അടഞ്ഞിരിക്കും. ഇത് കാരണം ശരിയായ രീതിയിൽ തീ വരില്ല. അങ്ങനെയാണ് തീ വരുന്നതിന്റെ അളവ് കുറയുന്നത്. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ കൃത്യമായ ഇടവേളകളിൽ ബർണറുകൾ വൃത്തിയാക്കേണ്ടതുണ്ട്. ബർണർ വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് അറിയാം.
1. കുറച്ച് വെള്ളം ചൂടാക്കിയതിന് ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം. അതിലേക്ക് കുറച്ച് വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ചേർത്തുകൊടുക്കണം.
2. അടുപ്പിൽ നിന്നും ബർണർ മാറ്റിയതിന് ശേഷം അത് വെള്ളത്തിലേക്ക് മുക്കിവയ്ക്കണം. ആവശ്യമെങ്കിൽ വെള്ളത്തിലേക്ക് നാരങ്ങ മുറിച്ചും ഇടാവുന്നതാണ്.
3. കുറഞ്ഞത് 3 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ ബർണർ വെള്ളത്തിൽ തന്നെ വയ്ക്കണം.
4. അടുത്ത ദിവസം വെള്ളത്തിൽനിന്നും എടുത്തതിന് ശേഷം ഡിഷ് വാഷും സ്‌ക്രബറും ഉപയോഗിച്ച് ബർണർ ഉരച്ച് കഴുകണം.
5. ബർണറിന്റെ ഹോളുകൾ ടൂത്ത്പിക്ക് അല്ലെങ്കിൽ പിൻ ഉപയോഗിച്ച് വൃത്തിയാക്കണം. ഇല്ലെങ്കിൽ വൃത്തിയാക്കുമ്പോഴും അഴുക്ക് അടിഞ്ഞികൂടും.
6. മുഴുവൻ അഴുക്കും കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം ബർണർ ശരിയായ രീതിയിൽ തുടച്ചെടുക്കാൻ മറക്കരുത്.
അടുക്കള വൃത്തിയാക്കാൻ എളുപ്പമാണ്; ഈ സാധനങ്ങൾ ഉപയോഗിച്ച് നോക്കൂ