‘ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണം, സ്ത്രീകളോടും കുട്ടികളോടും അനുകമ്പ കാണിക്കണം’: ഹമാസിനോട് ഫത്താ മൂവ്മെന്‍റ്

ഗാസ: ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണമെന്ന് ഹമാസിനോട് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്‍റ്.  ഗാസയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്ന് കാട്ടി ഫത്താ മൂവ്മെന്‍റ് വക്താവ് മൻതർ അൽ ഹയാക്ക് കത്തയച്ചതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. 2007 മുതൽ ആണ് ഹമാസ് ഗാസയിൽ നിയന്ത്രണം പിടിച്ചത്. യുദ്ധം തുടരുന്നത് പലസ്തീനികളുടെ  നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്മെന്‍റിന്‍റെ മുന്നറിയിപ്പ്.

ഹമാസ് ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും അനുകമ്പ കാണിക്കണമെന്ന് ഫത്താ വക്താവ് ആവശ്യപ്പെട്ടു. ഗാസയുടെ നിയന്ത്രണത്തിൽ നിന്ന് മാറിനിൽക്കണം. യുദ്ധം പലസ്തീനികളുടെ നിലനിൽപ്പിന് തന്നെ അന്ത്യം കുറിക്കുമെന്ന് തിരിച്ചറിയാനും ഹമാസിനോട് ആവശ്യപ്പെട്ടു. 2007ലാണ് ഫത്താ ആധിപത്യമുള്ള പലസ്തീൻ അതോറിറ്റിയിൽ നിന്ന് ഹമാസ് അധികാരം പിടിച്ചെടുത്തത്. തുടർന്നുള്ള അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

അതേസമയം ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹമാസിന്‍റെ സൈനിക ഇന്‍റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്‍റെ സർവൈലൻസ് ആന്‍റ് ടാർഗറ്റിങ് യൂണിറ്റിന്‍റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. 

ഇസ്രയേൽ ഗാസയിലെ ഒരേയൊരു ക്യാൻസർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം തകർത്തു. തുർക്കിഷ് – പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ആശുപത്രിയാണ് വെള്ളിയാഴ്ച തകർത്തത്. നേരത്തെ 17 മാസം നീണ്ട ആക്രമണത്തിനിടെ ഈ ആശുപത്രി ഇസ്രയേലിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസമാണ് ആശുപത്രി തകർത്തത്. നിരവധി രോഗികൾക്ക് പ്രതീക്ഷയായി നിലകൊണ്ടിരുന്ന ആശുപത്രിയെ ബോംബിട്ട് തകർക്കുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ സാകി അൽ സാഖസൂഖ് പറഞ്ഞു. 

മൂന്ന് മാസത്തെ സമാധാനത്തിന് ശേഷം വീണ്ടും അശാന്തി; ലെബനൻ തൊടുത്ത റോക്കറ്റുകൾ തടഞ്ഞ് തിരിച്ചടിച്ച് ഇസ്രയേൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin