ഖത്തറിൽ മൂന്ന് മാസമായി ഇന്ത്യൻ യുവാവ് തടവിൽ; മോചനത്തിനായി പിഎംഒയുടെ സഹായം തേടി മാതാപിതാക്കൾ
വഡോദര: ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വഡോദരയിലെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെ (പിഎംഒ) സമീപിച്ചു. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതൽ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മൾട്ടിനാഷണൽ ഐടി സർവീസസ് ആൻഡ് കൺസൾട്ടിംഗ് കമ്പനിയിൽ ഉന്നത തസ്തികയിലായിരുന്നു അമിത് ജോലി ചെയ്തിരുന്നത്. അമിതിനെ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും കുടുംബം ആരോപിച്ചു. ഐടി സ്ഥാപനമായ ടെക് മഹീന്ദ്രയിലെ മുതിർന്ന ജീവനക്കാരനായിരുന്നു അമിത്. ഡാറ്റ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
ഒഎൻജിസിയിൽ നിന്ന് വിരമിച്ച ചീഫ് എഞ്ചിനീയറായ പിതാവ് ജഗദീഷും അമ്മ പുഷ്പ ഗുപ്തയും മകന്റെ മോചനത്തിനായി വഡോദര എംപി ഹേമാങ് ജോഷിയെ കണ്ടു. അമിത് 2013 ഓഗസ്റ്റ് മുതൽ ഖത്തറിലാണ് താമസം. വിവാഹം കഴിച്ച ശേഷം അമിത് ഖത്തറിൽ സ്ഥിരതാമസമാക്കിയതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 1 ന് കുടുംബ സമേതം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് സുരക്ഷാ ഏജൻസി അമിതിനെ അറസ്റ്റ് ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഭർത്താവിന്റെ മോചനത്തിനായി അമിതിന്റെ ഭാര്യ ഖത്തറിലെ ഇന്ത്യൻ എംബസിയെ പലതവണ സമീപിച്ചിരുന്നു. മകൻ ഞങ്ങളുടെ ഏക ആശ്രയമാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ യാതൊരു കുറ്റവും ചുമത്താതെ തടവിൽ വച്ചിരിക്കുന്നതെന്ന് അറിയണം. ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനോടും, വിദേശകാര്യ മന്ത്രാലയത്തോടും, ഇന്ത്യൻ എംബസിയോടും അപ്പീൽ നൽകിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയം പരിഗണിക്കുമെന്ന് എംപി മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.