കോള വിപണിയില്‍ ‘ ആരോഗ്യകരമായ’ മത്സരം; ഷുഗര്‍ ഫ്രീ കോളകളുമായി വിപണി പിടിക്കാന്‍ വമ്പന്‍ ബ്രാന്‍റുകള്‍

പുറത്ത് കത്തുന്ന വേനല്‍ ചൂട്.. വിയര്‍ത്തൊഴുകുമ്പോള്‍ ശരീരം അല്‍പ്പം തണുപ്പിക്കാം എന്ന് വെച്ച് കോള കുടിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് ആളുകളെ പിന്തിരിപ്പിക്കും. ഇത് മനസ്സില്‍ കണ്ടുകൊണ്ടാകണം . കൊക്കക്കോളയും പെപ്സിയും റിലയന്‍സിന്‍റെ കാമ്പയും ആണ് ഇത്തവണ വിപണിയില്‍ ശക്തമായ സാന്നിധ്യമായി രംഗത്തുള്ളത്. പഞ്ചസാര രഹിത പാനീയങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച മുന്നില്‍ കണ്ടാണ് മൂന്ന് കമ്പനികളും പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണി പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വെറും പത്തു രൂപയ്ക്കുള്ള ചെറിയ കുപ്പികളില്‍ ആണ് കോളകള്‍ വിപണിയില്‍ ഇറക്കുന്നത്.

 

തംസ് അപ്പ് എക്സ് ഫോഴ്സ്, കോക്ക് സീറോ, സ്പ്രൈറ്റ് സീറോ, പെപ്സി നോ-ഷുഗര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ 10 രൂപ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് കൊക്കകോളയും പെപ്സികോയും അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ചെറിയ കുപ്പികള്‍ ഉപയോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് പോലുള്ള വലിയ വിപണികളിലാണ് പഞ്ചസാര രഹിതമായ പാനീയങ്ങള്‍ പെപ്സി ആദ്യം പുറത്തിറക്കിയത്. 2023 ല്‍ കാമ്പ അരങ്ങേറ്റം കുറിച്ചതും ആന്ധ്രയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോള വിപണികളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. എയറേറ്റഡ് പാനീയ വില്‍പ്പനയുടെ അഞ്ചിലൊന്നും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് നടക്കുന്നത്. അതേസമയം, ഓഫ്ലൈന്‍ സ്റ്റോറുകളിലും ക്വിക്ക് കൊമേഴ്സ് ചാനലുകളിലൂടെയും 10 രൂപ വിലയില്‍ 200 മില്ലി കുപ്പികള്‍ വില്‍പന നടത്തി കാമ്പ ദേശീയതലത്തില്‍ അതിന്‍റെ വ്യാപാരം ശക്തമാക്കുകയാണ് . 

 

10 രൂപ വിലയുള്ള കുപ്പികള്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ലാഭകരമല്ല. അതിനാല്‍, കമ്പനികള്‍ അവരുടെ പ്രധാന വേരിയന്‍റുകളുടെ നിലവിലുള്ള വിലകള്‍ അതേ പടി നിലനിര്‍ത്തുകയാണ്.

പഞ്ചസാരയില്ലാത്തതും പഞ്ചസാര കുറഞ്ഞതുമായ പാനീയങ്ങളുടെയും ജ്യൂസുകളുടെയും വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. 700-750 കോടി രൂപയുടെ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം നടന്നതെന്നാണ് നീല്‍സണ്‍ഐക്യുവിന്‍റെ കണക്കുകള്‍ . 2024 ല്‍ പെപ്സികോയുടെ ആകെ വില്‍പനയുടെ 44.4 ശതമാനവും പഞ്ചസാര കുറഞ്ഞതോ, പഞ്ചസാര രഹിതോ ആയ പാനീയങ്ങളായിരുന്നു.

 

By admin