കേരളത്തിൽ നിന്നുള്ള കറുമ്പിക്ക് ലോക റെക്കോർഡ്! ഇവളാണത്രെ ലോകത്തിലെ ഏറ്റവും കുഞ്ഞനാട്
കേരളത്തിൽ നിന്നുള്ള കറുമ്പിക്ക് ലോക റെക്കോർഡ്! കറുമ്പി ഒരു ആടാണ്. ലോകത്ത് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന നിലയിലാണ് കറുമ്പി ഈ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
ആടിന്റെ ഉടമയും കർഷകനുമായ പീറ്റർ ലെനുവിന് തന്റെ ആട് എത്ര ചെറുതാണ് എന്നതിനെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. എങ്കിലും, ഒരു ലോക റെക്കോർഡ് സ്വന്തമാക്കാൻ മാത്രം ചെറുതാണ് എന്ന് അറിയില്ലായിരുന്നു. ഒരു അതിഥിയാണത്രെ പീറ്റർ ലെനുവിനോട് ഈ ആട് എത്ര ചെറുതാണ് എന്ന് സൂചിപ്പിക്കുന്നത്. അതോടെയാണ് ലോക റെക്കോർഡിന് വേണ്ടി നോക്കാൻ പീറ്റർ ലെനു തീരുമാനിക്കുന്നത്.
കറുപ്പ് നിറത്തിലുള്ള, കുള്ളൻ ആടുകളുടെ ഇനമായ പിഗ്മി ആടാണ് കറുമ്പി. നാല് വയസാണ് കറുമ്പിയുടെ പ്രായം. വെറും 1 അടി 3 ഇഞ്ച് (40.50 സെ.മീ) ഉയരമാണ് ഈ ആടിനുള്ളത്. അങ്ങനെയാണ് കറുമ്പി ഇപ്പോൾ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആടായി ലോക റെക്കോർഡ് നേടിയിരിക്കുന്നത്. സാധാരണ പിഗ്മി ആടുകൾ 21 ഇഞ്ചിൽ (53 സെ.മീ) കൂടുതൽ ഉയരത്തിൽ വളരുന്നത് തന്നെ വളരെ അപൂർവമാണ്. എങ്കിലും, കറുമ്പി അതിലും ചെറുതാണ്.
2021 -ലാണ് കറുമ്പി ജനിച്ചത്. ആടുകളെ കൂടാതെ പശുക്കൾ, മുയലുകൾ, കോഴികൾ, താറാവുകൾ എന്നിവയെല്ലാം പീറ്റർ ലെനുവിന്റെ ഫാമിലുണ്ട്. അവിടെ സജീവമാണ് കറുമ്പി. മറ്റുള്ള മൃഗങ്ങളോട് ഇടപഴകാൻ ഇഷ്ടപ്പെടുന്ന ആട് കൂടിയാണത്രെ കറുമ്പി. ഇപ്പോൾ ഗർഭിണി കൂടിയാണ് അവൾ.
ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെ തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ കറുമ്പിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.