കൂലിയെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലയില്‍; സഹോദരങ്ങള്‍ അറസ്റ്റില്‍
ദില്ലി: യുവാവിനെ കൊലപ്പെടുത്തി റെയില്‍വേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികള്‍ പിടിയില്‍. മാര്‍ച്ച് 17 ന് ദില്ലിയിലെ സരായ് രോഹില്ലയിലെ റെയില്‍വേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മോനു (24), യോഗേന്ദര്‍ (33) എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ മല്‍ഖാന്‍ (31) എന്നയാളെ കൊലപ്പെടുത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു കൊലയാളികളും മരിച്ച യുവാവും.
പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ച മല്‍ഖാന്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണെന്ന് കണ്ടെത്തി. തലയ്ക്ക് സാരമായ പരിക്കേറ്റ നിലയിലായിരുന്നു മൃതശരീരം കിടന്നിരുന്നത്. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയിലായത്. അറസ്റ്റിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മൂന്നു പേരും പെയിന്‍റ് തൊഴിലാളികളായിരുന്നെന്നും കൂലിയെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് എത്തിക്കുകയായിരുന്നെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് ഇരുവരും യുവാവിനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.