ഏപ്രില്‍ രണ്ട് നിര്‍ണായകം, തിരക്കിട്ട ചര്‍ച്ചകളുമായി ഇന്ത്യയും അമേരിക്കയും, തീരുവ പ്രശ്നം തീരുമോ?
പരസ്പരം തീരുവ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഒരു ഉഭയകക്ഷി വ്യാപാര കരാറിനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ പറഞ്ഞു. അധികം വൈകാതെ തന്നെ കരാറില്‍ എത്തിച്ചേരാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ ഉതകുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ യുഎസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിരുന്നു
ഇരുരാജ്യങ്ങളും തമ്മില്‍ തീരുവ ഏര്‍പ്പെടുത്തുന്നത് കുറയ്ക്കുന്നതിനും പരസ്പരം വിപണി തുറന്നു കൊടുക്കുന്നതിനും ഉതകുന്ന രീതിയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം 500 ബില്ല്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. വരുന്ന ഏപ്രില്‍ 2 ന് മുമ്പ് ഇന്ത്യ അമേരിക്കക്കെതിരായ തീരുവ കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം അതേ നിരക്കില്‍ ഇന്ത്യക്ക് തിരിച്ചും തീരുവ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അധിക താരിഫുകള്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 7 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നാണ് സിറ്റി റിസര്‍ച്ചിന്‍റെ കണക്ക്. ലോഹങ്ങള്‍, രാസവസ്തുക്കള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളെ ആയിരിക്കും തീരുവ ബാധിക്കുക.കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും തീരുവ തിരിച്ചടിയായിരിക്കും.