എയർപോർട്ടിലൂടെ കൂസലില്ലാതെ നടന്ന യാത്രക്കാരൻ; എക്സ്റേ മെഷീൻ വഴി ബാഗ് പരിശോധന, എയർ ഫ്രെഷ്നറിനുള്ളിൽ ലഹരി ഗുളിക

ദോഹ: ഖത്തറില്‍ ഹമദ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ബാഗേജ് എക്സ്റേ മെഷീന്‍ വഴി വിശദമായ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

മെഷീന്‍ വഴി ബാഗേജ് പരിശോധിച്ചപ്പോള്‍ ലഹരി മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ യാത്രക്കാരന്‍റെ ബാഗ് വിശദമായി പരിശോധിച്ചു. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച എയര്‍ ഫ്രഷ്നര്‍ കണ്ടെയ്നറിനുള്ളില്‍ കറുത്ത കവറിലാണ് ലഹരി ഗുളികകള്‍കണ്ടെത്തിയത്. 1960 ലഹരി ഗുളികകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിയെ തുടര്‍ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. പ്രതി ഏത് രാജ്യക്കാരനാണന്ന് വെളിപ്പടുത്തിയിട്ടില്ല. ലഹരി മരുന്നുകളും നിരോധിത വസ്തുക്കളും കൊണ്ടുവരുന്നത് തടയാൻ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നത്. 
 

By admin