എത്തിച്ചത് മൈദയുടെയും വൈക്കോലിന്‍റെയും മറവിൽ, ദിവസങ്ങളോളം നിരീക്ഷണം; ഒടുവിൽ പിടികൂടിയത് 6500 ലിറ്റർ സ്പിരിറ്റ്
തൃശൂർ: തൃപ്രയാർ കഴിമ്പ്രത്തെ വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 6500 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സ്പിരിറ്റ് എത്തിച്ച പാലക്കാട് വെണ്ണക്കര സ്വദേശി പരശുരാമനെ (42) ആണ് അറസ്റ്റ് ചെയ്തത്. കഴിമ്പ്രം സ്കൂളിനടുത്ത് തളിക്കുളം സ്വദേശി വാടകയ്ക്കെടുത്ത കെട്ടിടത്തിൽ നിന്ന് 38 ലിറ്റർ വീതമുള്ള 197 കന്നാസ് സ്പിരിറ്റും പുറത്ത് നിർത്തിയിട്ടിരുന്ന മിനി ടെമ്പോയിൽ നിന്ന് നാല് കന്നാസ് സ്പിരിറ്റുമാണ് കണ്ടെടുത്തത്.
കെട്ടിടം സ്പിരിറ്റ് ഗോഡൗണായി ഉപയോഗിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മൈദയും വൈക്കോലും കൊണ്ടു വന്നിരുന്നതിന്‍റെ മറവിലാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിമ്പ്രത്തു നിന്ന് ആവശ്യക്കാർക്ക് ചെറിയ വാഹനങ്ങളിൽ എത്തിച്ച് നൽകുകയായിരുന്നു പതിവ്.
ശനിയാഴ്ച രാവിലെ വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അഞ്ച് കന്നാസ് സ്പിരിറ്റുമായി പരശുരാമനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കഴിമ്പ്രത്ത് ഗോഡൗൺ ഉണ്ടെന്ന സൂചന ലഭിച്ചത്. ഈയിടെ മലപ്പുറത്ത് സ്പിരിറ്റ് പിടികൂടിയതിൽ ഉൾപ്പെട്ടവരുമായും കേരളത്തിലേക്ക് വൻതോതിൽ സ്പിരിറ്റ് എത്തിക്കുന്നവരുമായും പരശുരാമന് ബന്ധമുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വന്നിരുന്നു. കുറച്ച് ദിവസമായി ചെന്ത്രാപ്പിന്നിയിലെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ ഇൻസ്പെക്ടർ സി കെ ഹരികുമാർ, റേഞ്ച് ഇൻ സ്പെക്ടർ വി ജി സുനിൽ കുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുധീരൻ, ദക്ഷിണാമൂർത്തി, കെ ആർ ഹരിദാസ്, സി ബി ജോഷി എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
പക്ഷിയെന്ന് ബസ് ജീവനക്കാർ, പക്ഷേ സ്കാനിയ ബസിൽ കടത്തിയത് പാമ്പിനെ; കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ