ഈ സാധനങ്ങൾ നിങ്ങളുടെ സിങ്കിൽ ഒഴിക്കാൻ പാടില്ല; കാരണം ഇതാണ്
അടുക്കളയും ബാത്‌റൂമുമൊക്കെ എളുപ്പത്തിൽ വൃത്തിയാക്കാൻ വേണ്ടി വെള്ളം ഒഴിച്ച് കളയുന്ന രീതി പലർക്കുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പണി എളുപ്പമാകുമെങ്കിലും അഴുക്കും മുടിയുമൊക്കെ അടിഞ്ഞുകൂടി വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ അടുക്കള വൃത്തിയാക്കുമ്പോൾ സിങ്കിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് ഒഴിവാക്കാം. സിങ്കിലേക്ക് ഒഴുക്കി വിടാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
എണ്ണ
അടുക്കളയിൽ പല ഉപയോഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ എണ്ണയുടെ സാന്നിധ്യം പാത്രങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ ഉണ്ടാവും. അതോടെ പാത്രങ്ങൾ കഴുകുമ്പോൾ അമിതമായി എണ്ണയുടെ അംശം ഡ്രെയിനിലേക്ക് പോവുകയും പിന്നീട് മാലിന്യങ്ങൾ ഇതിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇത് ഡ്രെയിൻ അടയാനും വെള്ളം കൃത്യമായി പോകുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ ഉണ്ടാകുമ്പോൾ ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ എണ്ണപാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
അരി
ചോറ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങൾ സിങ്കിൽ ഒഴിച്ച് കളയാൻ ശ്രമിക്കരുത്. കാരണം ഇത് വികസിക്കുകയും ഡ്രെയിനിൽ കട്ടപിടിച്ചിരിക്കാനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സിങ്കിൽ അടഞ്ഞിരുന്നാൽ വെള്ളം ഒഴിപോകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
കാപ്പി പൊടി
കാപ്പി ഉണ്ടാക്കിയതിന് ശേഷം കോഫി മേക്കർ വൃത്തിയാക്കാൻ വേണ്ടി എളുപ്പത്തിന് നമ്മൾ കാപ്പിപ്പൊടി വെള്ളം ഒഴിച്ച് കഴുകി കളയാറുണ്ട്. ഒറ്റനോട്ടത്തിൽ ഇത് ഒഴുകി പോകുമെന്ന് തോന്നുമെങ്കിലും ഡ്രെയിനിൽ ഇവ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. കൂടാതെ വെള്ളം ഒഴുകി പോകുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ കാപ്പിപ്പൊടി കൊണ്ട് കാപ്പി ഉണ്ടാക്കാൻ മാത്രമല്ല വേറെയും ഉപയോഗങ്ങൾ ഉണ്ട്. ചെടികൾക്ക് വളമായി ഇടാനും അത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദുർഗന്ധവും മാറിക്കിട്ടും. കാപ്പി പൊടി കളയുന്നതിന് മുമ്പ് ഇങ്ങനെ ചെയ്ത് നോക്കാവുന്നതാണ്.
സ്റ്റിക്കർ പതിപ്പിച്ച പഴവർഗ്ഗങ്ങൾ
ചില പഴവർഗ്ഗങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാറുണ്ട്. ഇത് കഴുകി വൃത്തിയാക്കുമ്പോൾ സ്റ്റിക്കർ ഇളകി ഡ്രെയിനിലേക്ക് പോവുകയും അവിടെ അടിഞ്ഞുകൂടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കഴുകി വൃത്തിയാക്കുന്നതിന് മുമ്പ് സ്റ്റിക്കർ ഇളക്കി കളയേണ്ടതുണ്ട്.
മരുന്നുകൾ ഒഴിക്കരുത്
കാലാവധി കഴിഞ്ഞ മരുന്നുകൾ എളുപ്പത്തിൽ സിങ്കിലേക്ക് ഒഴിച്ച് കളയുന്ന പ്രവണത പലരിലുമുണ്ട്. എന്നാൽ മരുന്ന് ഡ്രെയിനിലേക്ക് ഒഴിക്കുന്നത് ദോഷകരമാണ്. ഇത് പിന്നീട് പ്രാദേശിക ജലവിതരണ സംവിധാനത്തിലേക്ക് എത്തുമെന്ന് വിദഗ്ധർ പറയുന്നു. മരുന്ന് ഇല്ലാതാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വേണം ഇവ സംസ്കരിക്കേണ്ടത്.
ഉപ്പ് കറിയിൽ ഇടാൻ മാത്രമല്ല ഇക്കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്