ഇന്ത്യക്കാരനെയും മകളെയും അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂയോർക്ക്: ഇന്ത്യൻ പൗരനും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാനയിൽ നിന്നുള്ള 56 കാരനായ പ്രദീപ് പട്ടേലും മകൾ ഉർമിയുമാണ് (24) കൊല്ലപ്പെട്ടത്. മാർച്ച് 20 ന് വിർജീനിയയിലെ ഇവർ നടത്തുന്ന കടയിൽ വെച്ചാണ് അക്രമി ഇവർക്കുനേരെ വെടിവെച്ചത്. ജോർജ്ജ് ഫ്രേസിയർ ഡെവൺ വാർട്ടൺ എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. പ്രദീപ് സംഭവസ്ഥലത്തും ഉർമിയും ശനിയാഴ്ച ചികിത്സയിലിരിക്കെയും മരിച്ചു. വാർട്ടൺ അറസ്റ്റിലായെങ്കിലും കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
മെഹ്‌സാനയിലെ കനോഡ ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രദീപ്. 2019 ൽ സന്ദർശക വിസയിൽ അദ്ദേഹവും കുടുംബവും യുഎസിലേക്ക് താമസം മാറി. പിന്നീട് പട്ടേൽ സമൂഹം നടത്തുന്ന കൺവീനിയൻസ് സ്റ്റോറുകൾ കൈകാര്യം ചെയ്ത് സ്ഥിരതാമസമാക്കി. നാല് മാസം മുമ്പാണ് അവർ നിലവിലെ കടയുടെ ചുമതല ഏറ്റെടുത്തത്. പ്രദീപിന്റെ ഭാര്യയും വിവാഹിതരായ രണ്ട് പെൺമക്കളും കാനഡയിലുള്ള ഒരു മകനുമാണ് കുടുംബത്തിലുള്ളത്.