ഇനി ഇഷ്ടം പോലെ കാന്താരി, ഇതാ ഇങ്ങനെ ചെയ്ത് നോക്കൂ

പഴങ്കഞ്ഞി മുതൽ കപ്പ വരെ രണ്ട് കാന്താരി മുളക് ഉണ്ടെങ്കിൽ ആസ്വദിച്ചു കഴിക്കുന്നവരാണ് മലയാളികൾ. വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്നതാണ് കാന്താരി മുളക് എങ്കിലും പലപ്പോഴും പ്രതീക്ഷിക്കുന്നത്ര മുളക് ലഭിക്കാറില്ല എന്ന് പലരും പരിഭവപ്പെടാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാന്താരി മികച്ച വിളവ് തരും.

എല്ലാ കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലും മഴയും തണലും തണുപ്പും ചൂടും ഒന്നും കാന്താരി കൃഷിക്ക് തടസ്സമല്ല. ഒരുതവണ പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. 

കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. വളമായി ചാണകം നൽകാം.  കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.

ഓർക്കുക ജീവകം സിയുടെ ഉറവിടം കൂടിയാണ് കാന്താരി. വാതരോഗം , അജീർണം, വായുക്ഷോഭം, അമിതവണ്ണം, പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഔഷധമായും ഉപയോഗിക്കാറുണ്ട്.

(ചിത്രം: Sanu N വിക്കിപീഡിയ)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin