ആവേശപ്പോരിൽ മുംബൈയെ മറികടന്ന് ചെന്നൈ; തോൽവിയിലും തലയുയർത്തി മുംബൈയുടെ വണ്ടർ ബോയ് വിഘ്നേഷ്

ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. താരതമ്യേന ഭേദപ്പെട്ട സ്കോറായ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിലാണ് ജയിച്ചത്. 5 പന്തുകൾ ബാക്കി നിർത്തി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ മാസ്മരിക ബൌളിംഗ് പ്രകടനമാണ് മത്സരം അവസാന ഓവറുകളിലേയ്ക്ക് എത്തിച്ചത്. 

നായകൻ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇംപാക്ട് പ്ലെയറുടെ റോളിലെത്തിയ വിഘ്നേഷ് പുത്തൂർ ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ പരാജയം പോലും മുന്നിൽ കാണുന്ന അവസ്ഥയിലേയ്ക്ക് ചെന്നെയെ കൊണ്ടെത്തിക്കാൻ വിഘ്നേഷിന് കഴിഞ്ഞു. 22 പന്തിൽ അർധ സെഞ്ച്വറിയും കടന്ന് കുതിച്ച ചെന്നൈ നായകൻ ഗെയ്ക്വാദിനെ തന്റെ ആദ്യ ഓവറിൽ തന്നെ വിഘ്നേഷ് മടക്കിയയച്ചു. പിന്നാലെ അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വിഘ്നേഷ് വീഴ്ത്തി. 

ഓപ്പണറായി കളത്തിലിറങ്ങി ചെന്നൈയുടെ വിജയം ഉറപ്പിക്കുന്നതു വരെ ക്രീസിൽ നിലയുറപ്പിച്ച രചിൻ രവീന്ദ്രയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയം ഉറപ്പിച്ചത്. 45 പന്തിൽ 65 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. ജയത്തിന് തൊട്ടരികെ രവീന്ദ്ര ജഡേജ റണ്ണൌട്ടായപ്പോൾ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയപ്പോൾ ചെപ്പോക്ക് സ്റ്റേഡിയം ആർത്തിരമ്പി. എന്നാൽ, നേരിട്ട രണ്ട് പന്തുകളിൽ ധോണിയ്ക്ക് റൺസ് കണ്ടെത്താനായില്ല. ഇതോടെ മത്സരം അവസാന ഓവറിലേയ്ക്ക് നീണ്ടു. അവാസന ഓവറിൽ 4 റൺസ് ജയിക്കാൻ വേണ്ടപ്പോൾ ആദ്യ പന്ത് തന്നെ സിക്സർ പറത്തി രചിൻ ചെന്നൈയുടെ വിജയശിൽപ്പിയായി. 

By admin