അന്ന് സ്വന്തം സഹോദരനെ ചതിച്ചു, ആരും അറിഞ്ഞില്ല, ഇപ്പോൾ കുറ്റബോധം താങ്ങാനാവുന്നില്ല, യുവാവിന്റെ കുറിപ്പ് 

റെഡ്ഡിറ്റിൽ ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരാൾ പങ്കുവച്ച തന്റെ അനുഭവമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. താൻ എങ്ങനെയാണ് തന്റെ സഹോദരനെ ചതിച്ചത് എന്നതിനെ കുറിച്ചാണ് പോസ്റ്റിൽ യുവാവ് പറയുന്നത്. 

സഹോദരൻ അറിയാതെ അയാളുടെ സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ്, തന്റെ സമ്മാനം നേടാത്ത ടിക്കറ്റിന് പകരം നൽകി കബളിപ്പിച്ചത് എങ്ങനെയാണ് എന്നാണ് യുവാവ് പറയുന്നത്. സാധാരണയായി തന്റെ സഹോദരൻ ലോട്ടറി എടുക്കുന്ന ഒരാൾ അല്ല എന്നും യുവാവ് സമ്മതിക്കുന്നുണ്ട്. 

രണ്ടുപേരും കൂടി പുറത്ത് പോയപ്പോഴാണ് ഇരുവരും ലോട്ടറി ടിക്കറ്റ് എടുത്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സഹോദരന്റെ ടിക്കറ്റ് കിച്ചൻ കൗണ്ടറിന്റെ മുകളിൽ കിടക്കുന്നത് കണ്ടു. അപ്പോൾ ആ നമ്പർ പരിശോധിക്കാം എന്ന് കരുതി. അത് പരിശോധിച്ചപ്പോഴാണ് താൻ അമ്പരന്നു പോയത്. അതിന് സമ്മാനം അടിച്ചിരുന്നു. അത് ജാക്ക്പോട്ടായിരുന്നില്ല. പക്ഷേ, വലിയ ഒരു സംഖ്യ തന്നെയാണ് ആ ടിക്കറ്റ് നേടിയിരുന്നത്. 

അത് തന്റെ കടം വീട്ടാനും ഒരു പുതിയ കാർ വാങ്ങാനും ഒക്കെ തികയുമായിരുന്നു. അങ്ങനെ സഹോദരന്റെ ടിക്കറ്റ് ഇയാൾ സ്വന്തമാക്കിയ ശേഷം പകരം തന്റെ ടിക്കറ്റ് വയ്ക്കുകയായിരുന്നു. 

ലോട്ടറിയിൽ നിന്നും കിട്ടിയ തുക കൊണ്ട് അയാൾ ഒരുപാട് കാര്യങ്ങൾ ചെയ്തു. തന്റെ ജീവിതം തന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ, സംഭവം കഴിഞ്ഞ് ഇത്ര ആയെങ്കിലും ജീവിതം മെച്ചപ്പെട്ടുവെങ്കിലും തനിക്ക് അതിൽ ഇപ്പോഴും കുറ്റബോധം തോന്നുന്നു എന്നാണ് യുവാവ് എഴുതുന്നത്. 

ഇതിനിടെ സഹോദരനുമായി ചാരിറ്റി റാഫിൾ കളിക്കാൻ പോയിരുന്നു. അതിൽ തങ്ങൾ വിജയിച്ചില്ല. അപ്പോൾ സഹോദരൻ സാധാരണപോലെ താൻ ജീവിതത്തിൽ ഇന്നേവരെ എവിടെയും ഒന്നും നേടിയില്ല എന്ന് പറയുകയുണ്ടായി. അപ്പോൾ താൻ ചിരിച്ചുവെങ്കിലും അത് തന്നെ വേദനിപ്പിച്ചു എന്നും യുവാവ് പറയുന്നു. 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവ് ചെയ്തത് വളരെ മോശം കാര്യമാണ് എന്നാണ് ആളുകൾ പ്രതികരിച്ചത്. ഒരിക്കലും ഇത് ചെയ്യാൻ പാടില്ലായിരുന്നു എന്നും ആളുകൾ കമന്റ് നൽകി. 

കണ്ണില്ലാത്ത ക്രൂരത; നായയെ ചങ്ങലയിൽ പൂട്ടി ബൈക്കിൽ വലിച്ചിഴച്ച് യുവാവ്,ചോദ്യം ചെയ്ത് വഴിയാത്രക്കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

By admin