അടുക്കളയിൽ പ്രചാരമേറി പിയാനോ സിങ്ക്

വീട്ടിൽ ഏറ്റവും കൂടുതൽ നമ്മൾ ചിലവഴിക്കുന്ന ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതും വൃത്തിയാക്കുന്നതും തുടങ്ങി അടുക്കളയിൽ നിരവധി പണികളാണുള്ളത്. എന്നാൽ അടുക്കളയിലെ ജോലിഭാരം എളുപ്പമാക്കാൻ സഹായിക്കുന്ന നിരവധി സ്മാർട്ട് ഉപകരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോ ജോലിക്കും അനുസരിച്ചുള്ള ഉപകരണങ്ങൾ ലഭ്യമാകുമ്പോൾ അത് നമ്മുടെ ജോലിഭാരം കുറക്കുകയും എളുപ്പമാക്കുകയുമാണ് ചെയ്യുന്നത്. അത്തരത്തിൽ നിർമ്മിച്ചിരിക്കുന്ന ഒന്നാണ് പിയാനോ സിങ്ക്. ഇപ്പോൾ അടുക്കളയിലെ ട്രെൻഡാണ് ഇത്. പിയാനോ സിങ്കിന് അടുക്കളയിൽ ഡിമാൻഡും കുറച്ച് കൂടുതലാണ്. കാരണം ഇതിന്റെ ഉപയോഗങ്ങൾ ആരെയും എളുപ്പത്തിൽ ആകർഷിക്കുന്നതാണ്. എന്താണ് അടുക്കളയിൽ പ്രചാരമേറുന്ന പിയാനോ സിങ്ക് എന്ന് അറിഞ്ഞാലോ. 

പിയാനോ സിങ്ക് 

സാധാരണയുള്ള സിങ്ക് പോലെ അല്ല പിയാനോ സിങ്ക്. പേരുപോലെ തന്നെ പിയാനോ സ്റ്റൈലിലാണ് ഇതിലെ സ്വിച്ചുകൾ ഉള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചാണ് പിയാനോ സിങ്ക് നിർമ്മിച്ചിട്ടുള്ളത്. വെള്ളം വരുന്നതും അത് നിയന്ത്രിക്കുന്നതും മാത്രമല്ല നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്. പൂർണമായും ഓട്ടോമാറ്റിക് മോഡിലാണ് പിയാനോ സിങ്ക് പ്രവർത്തിക്കുന്നത്. ഓരോ പ്രവർത്തി ചെയ്യാനും ഓരോ സ്വിച്ചുകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഉപയോഗം തുടങ്ങി പാത്രങ്ങൾ വൃത്തിയാക്കുന്നതുവരെ എളുപ്പത്തിൽ നന്നായി ചെയ്യുന്നു. വെള്ളത്തിന്റെ താപനില കാണിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ, ഡ്യുവൽ വാട്ടർഫാൾസ്‌, വേഗത്തിലുള്ള ഡ്രെയിനിങ് എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് പാനലാണ് പിയാനോ സിങ്കിന് നൽകിയിരിക്കുന്നത്. 

ഉപയോഗങ്ങൾ 

1. ഹാൻഡ് ഫ്രീ മോഡിലാണ് ഇത് പ്രവർത്തിക്കുന്നത് എന്നതാണ് പിയാനോ സിങ്കിന്റെ പ്രധാന സവിശേഷത. പാത്രം കഴുകാനും പച്ചക്കറി വൃത്തിയാക്കാനുമൊക്കെ നേരിട്ട് പൈപ്പ് തുറക്കാതെ തന്നെ വെള്ളം ഓൺ ചെയ്യാനും ഓഫ് ആക്കാനും സാധിക്കും. 

2. ഹാൻഡ് ഫ്രീ ആയതുകൊണ്ട് തന്നെ ബാക്റ്റീരിയകൾ പടരുന്നത് തടയാൻ സാധിക്കുകയും ശരിയായ രീതിയിൽ സാധനങ്ങൾ വൃത്തിയാക്കാനും ഇതിലൂടെ കഴിയുന്നു. 

3. ഒന്നിൽകൂടുതൽ ഫാസറ്റുകൾ ഉള്ളതുകൊണ്ട് തന്നെ വെള്ളത്തിന്റെ അളവ് കൂട്ടുവാനും കുറക്കുവാനും സാധിക്കും. പാത്രം കഴുകാനും, പഴവർഗ്ഗങ്ങൾ വൃത്തിയാക്കാനും തുടങ്ങി പ്രത്യേകം അളവിൽ വെള്ളം ഉപയോഗിക്കാനും അതിലൂടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമില്ലാതെ വെള്ളം ഉപയോഗിക്കേണ്ടിയും വരുന്നില്ല. 

4. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് കറയും, തുരുമ്പുമെടുക്കില്ല എന്നതാണ് പിയാനോ സിങ്കിന്റെ മറ്റൊരു സവിശേഷത. 

5. ടാപ്പുകൾ ആവശ്യമനുസരിച്ച് ഏത് ഭാഗത്തേക്കും തിരിക്കാനും ചരിക്കാനും സാധിക്കും. കൂടാതെ വരുന്ന വെള്ളത്തിനെ ശുദ്ധീകരിക്കാനുള്ള ഓപ്‌ഷനുകളും പിയാനോ സിങ്കിനുണ്ട്. 

6. പലതരത്തിലാണ് പിയാനോ സിങ്കുകൾ ഉള്ളത്. അതിൽ ഡിജിറ്റൽ മോണിറ്ററിങ് സംവിധാനമുള്ള സിങ്കുകളുമുണ്ട്. ഇത് വെള്ളത്തിന്റെ താപനില നിയന്ത്രിക്കാനും ക്രമപ്പെടുത്താനും സഹായിക്കുന്നു. 
 
7. നിരവധി ഉപയോഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ പിയാനോ സിങ്ക് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യേണ്ടതുണ്ട്. മറ്റുള്ള സിങ്കുകളെക്കാളും ചിലവും പിയാനോ സിങ്കുകൾക്ക് കൂടുതലാണ്. സെൻസർ പാനുകൾ ആയതുകൊണ്ട് തന്നെ കേടായാൽ ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ഇത് നേരിടുന്ന വെല്ലുവിളി. 

പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് നിങ്ങൾ കഴുകാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

By admin