റെയ്ക്യാവീക്ക് (ഐസ്‌ലന്‍ഡ്): 15 കാരനുമായുള്ള ബന്ധം തുറന്ന് പറഞ്ഞ ഐസ്‍ലൻഡ് മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഷ്തിൽദിഷ് ലോവ തോർസ്ഡോട്ടിറാണ് രാജിവെച്ചത്. 36 വർഷം മുമ്പ് തന്റെ 22-ാം വയസ്സിൽ 15കാരനുമായി ബന്ധമുണ്ടായിരുന്നുവെന്നും ബന്ധത്തിൽ കുഞ്ഞ് പിറന്നെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്. പിന്നാലെ അവർ മന്ത്രിസ്ഥാനം രാജിവെച്ചു. ഐസ്‌ലന്‍ഡ് മാധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലാണ് 58കാരിയായ അഷ്തിൽദിഷ് ലോവയുടെ വെളിപ്പെടുത്തൽ.
മതസംഘടനയിൽ കൗൺസിലറായിരുന്നപ്പോഴാണ് ബന്ധം ആരംഭിച്ചത്. ഇതേ സംഘടനയിൽത്തന്നെ അഭയാർത്ഥിയായി എത്തിയതായിരുന്നു അന്ന് 15 വയസുണ്ടായിരുന്ന ബാലൻ. പരിചയം പ്രണയമായെന്നും ഇവർ പറഞ്ഞു. കുട്ടിക്ക് ജന്മം നൽകുമ്പോൾ ലോവയ്ക്ക് 23 വയസും കൗമാരക്കാരന് 16 വയസ്സുമായിരുന്നു പ്രായം. തന്റെ ഭൂതകാലത്തെ ഈ സംഭവം മന്ത്രിസഭയിൽ തുടരാൻ അർഹമല്ലെന്ന് അവർ പറഞ്ഞു. കുഞ്ഞിന്റെ പിതാവായ അന്നത്തെ കാമുകൻ ഐസ്‌ലൻഡ് പ്രധാനമന്ത്രിയെ ബന്ധപ്പെടാൻ രണ്ടുതവണ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി.
ഐസ്‌ലാൻഡിൽ അധികാര സ്ഥാനത്തുള്ള മുതിർന്നയാൾ നിയമപരമായി പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. കുട്ടിയെ കാണാൻ ലോവ സമ്മതിക്കുന്നില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു. 18 വർഷമായി കുട്ടിയുടെ സംരക്ഷണത്തിനുള്ള പണം നൽകുന്നുണ്ട്. എന്നാൽ മകനെ കാണാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചു.